പ്രഭാസിന് എന്തുപറ്റി? ഡോക്ടറിനൊപ്പമുള്ള ചിത്രം വൈറൽ; ആരാധകർ ആശങ്കയിൽ

ഹൈദരാബാദ്: നടൻ പ്രഭാസിനൊപ്പമുള്ള ഡോക്ടറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകർക്കിടയിൽ ആശങ്ക. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ഓർത്തോപീഡിക് സർജനായ ഡോ. കെ.ജെ. റെഡ്ഡിയാണ് പ്രഭാസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
വിജയത്തിലേക്കുള്ള യാത്രയിൽ ഒരാൾ അനുഭവിക്കുന്ന വ്യക്തിപരമായ നഷ്ടങ്ങൾ പലപ്പോഴും പുറത്തുനിന്ന് കാണാനാകില്ലെന്ന കുറിപ്പോടെയാണ് ഡോക്ടർ ചിത്രം പങ്കുവച്ചത്. ഇതോടെയാണ് പ്രഭാസിന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർ ആശങ്ക പ്രകടിപ്പിക്കാൻ തുടങ്ങിയത്. പ്രഭാസിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹം സുഖമായിരിക്കുന്നുണ്ടോയെന്നും ചോദിച്ച് നിരവധി പേർ കമന്റുകളുമായി എത്തി.
കാൽമുട്ട്, ഇടുപ്പ്, സ്പോർട്സ് ഇൻജുറി തുടങ്ങിയ മേഖലകളിൽ വിദഗ്ധനായ ഡോ. കെ.ജെ. റെഡ്ഡി, പ്രഭാസിന്റെ ലാളിത്യത്തെയും സൗമ്യമായ പെരുമാറ്റത്തെയും കുറിപ്പിൽ പ്രശംസിച്ചു. വലിയ വിജയങ്ങൾ നേടിയിട്ടും പ്രഭാസ് എളിമയും സ്നേഹവും മാന്യതയും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാസിന്റെ ആരോഗ്യത്തിന് ആശംസകൾ നേർന്നുകൊണ്ടാണ് ഡോക്ടർ കുറിപ്പ് അവസാനിപ്പിച്ചത്. എന്നാൽ പ്രഭാസിന് ആരോഗ്യപ്രശ്നമുണ്ടെന്ന് ഡോക്ടറുടെ പോസ്റ്റിൽ സ്ഥിരീകരണമൊന്നുമില്ല. ചിത്രവും കുറിപ്പും മാത്രം അടിസ്ഥാനമാക്കി ആരാധകർക്കിടയിൽ ആശങ്ക ഉയർന്നതാണ്.



