സോണിയ ഗാന്ധിക്ക് പിന്തുണയുമായി പാർവതി തിരുവോത്ത്; സൈബർ ആക്രമണത്തിനെതിരെ തുറന്നടിച്ച് താരം!

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിൽ സൈബറാക്രമണം നേരിടുന്ന സോണിയ ഗാന്ധിക്ക് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. സോണിയ ഗാന്ധി ഭർത്താവ് രാജീവ് ഗാന്ധിയുടെ മടിയിലിരുന്നതിനെ വിമർശിക്കാൻ തിരക്കുകൂട്ടുന്നവർ, 2002-ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗം നേരിടുകയും കുടുംബത്തിലെ ഏഴുപേരെ നഷ്ടപ്പെടുകയും ചെയ്ത ബിൽക്കിസ് ബാനുവിന്റെ കാര്യത്തിൽ നിശബ്ദത പാലിക്കുകയാണെന്ന് പാർവതി സമൂഹമാധ്യമത്തിലൂടെ തുറന്നടിച്ചു.
‘സോണിയ ഗാന്ധി സ്വന്തം ഭർത്താവിന്റെ മടിയിലിരിക്കുന്നത് നമ്മുടെ സമൂഹത്തിന് വലിയ സാംസ്കാരിക ആഘാതം, എന്നാൽ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവർ ഒരു കൂസലുമില്ലാതെ സ്വതന്ത്രരായി വിലസി നടക്കുന്നത് നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണോ? വെറും മനുസ്മൃതി രീതികൾ, അയ്യായിരം വർഷത്തെ പാരമ്പര്യമുള്ള സംസ്കാരം, അല്ലേ സാർ’ എന്നായിരുന്നു പാർവതിയുടെ കുറിപ്പ്. ബിൽക്കിസ് ബാനു കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി ജാമ്യം അനുവദിച്ച വിഷയവും പാർവതി തന്റെ പ്രതികരണത്തിൽ ചൂണ്ടിക്കാണിച്ചു.
നേരത്തെ, ഇതേ വിഷയത്തിൽ നടി സോനാക്ഷി സിൻഹയും പ്രതികരിച്ചിരുന്നു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹപ്രകടനങ്ങളെ സമൂഹത്തിലെ ചിലർ തെറ്റായി കാണുന്നതിനെ വിമർശിക്കുന്ന ‘വുമണിയ’ എന്ന പേജിലെ കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു സോനാക്ഷിയുടെ നിലപാട് വ്യക്തമാക്കൽ. സ്നേഹശൂന്യമായ, പുരുഷാധിപത്യപരമായ ദാമ്പത്യങ്ങളിൽ ജീവിച്ച് ശീലിച്ചതുകൊണ്ടാണ് ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹം ചിലർക്ക് സാമൂഹിക ലംഘനമായി തോന്നുന്നതെന്നായിരുന്നു ആ കുറിപ്പിൽ ഉണ്ടായിരുന്നത്.
നവംബർ 16-ന് ഡൽഹിയിൽ നടന്ന ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന ഓർമക്കുറിപ്പിന്റെ പ്രകാശന ചടങ്ങിലാണ് രാഹുൽ ഗാന്ധി കുട്ടിക്കാലത്തെ ഓർമകൾ പങ്കുവെച്ചത്. എല്ലാ ദിവസവും ഭക്ഷണം കഴിക്കുമ്പോൾ അച്ഛന്റെ മടിയിൽ അമ്മ ഇരിക്കുമായിരുന്നുവെന്നും, അത് സാധാരണ കാര്യമായാണ് താൻ കരുതിയിരുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു. കൂട്ടുകാരുടെ വീടുകളിൽ പോകുമ്പോൾ അവരുടെ അച്ഛനമ്മമാർ അങ്ങനെ ഇരിക്കുന്നത് കാണാതിരിക്കുമ്പോൾ, എന്തുകൊണ്ടാണ് നിങ്ങളുടെ അമ്മ അച്ഛന്റെ മടിയിലിരിക്കാത്തത് എന്ന് ചോദിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. കേംബ്രിഡ്ജിലെ വാഴ്‌സിറ്റി റെസ്റ്റോറന്റിൽ വെച്ച് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും, അമരീന്ദർ സിങ്ങുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ശ്രദ്ധിച്ചില്ലെന്ന കാരണത്താൽ സോണിയ ഗാന്ധി രാജീവിനോട് പിണങ്ങിയതിനെക്കുറിച്ചും രാഹുൽ ചടങ്ങിൽ സംസാരിച്ചിരുന്നു.
രാഹുലിന്റെ ഈ പരാമർശങ്ങൾക്കെതിരെ ബിജെപി നേതാക്കളും സൈബർ ലോകത്തെ ഒരു വിഭാഗവും വിമർശനവുമായി രംഗത്തെത്തിയതോടെയാണ് വിഷയം ചർച്ചയായത്. വിമർശനങ്ങൾക്ക് മറുപടിയായി, ഭയവും ദേഷ്യവും വിദ്വേഷവുമാണ് ബിജെപി-ആർഎസ്എസ് പ്രവർത്തകരെ സ്നേഹം അനുഭവിക്കുന്നതിൽ നിന്നും പ്രകടിപ്പിക്കുന്നതിൽ നിന്നും തടയുന്നതെന്ന് നവംബർ 17-ന് ‘എക്‌സി’ലൂടെ രാഹുൽ ഗാന്ധി തിരിച്ചടിച്ചിരുന്നു.



