Cinema

അമ്മയെന്ന ഉത്തരവാദിത്തവും പരുക്കിന്റെ വേദനയും അതിജീവിച്ച് പത്മപ്രിയ; പുതിയ ചിത്രങ്ങൾക്ക് ആരാധകരുടെ കൈയടി!

സിനിമാ ചിത്രീകരണത്തിനിടെ കാൽവഴുതി വീണ് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന നടി പത്മപ്രിയ പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. പരുക്കിൽ നിന്ന് മുക്തയാകുന്നതിനൊപ്പം മാതൃത്വത്തിന്റെ മനോഹരമായ നിമിഷങ്ങളും താരം ആരാധകരുമായി പങ്കുവെച്ചു. കുഞ്ഞിനൊപ്പമുള്ള സായാഹ്ന നടത്തം, പ്രകൃതിയോടിണങ്ങിയുള്ള ചെറിയ ട്രെക്കിങ്, നീന്തൽക്കുളത്തിലെ വാട്ടർ തെറാപ്പി എന്നിവ ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കാലിലെ ലിഗ്മെന്റിനേറ്റ പരുക്ക് ഭേദമായി വീണ്ടും നടന്നുതുടങ്ങിയതിന്റെ സന്തോഷം താരത്തിന്റെ വാക്കുകളിൽ വ്യക്തമാണ്.

‘എന്റെ കുഞ്ഞു സായാഹ്ന കൂട്ടുകാരൻ’ എന്ന കുറിപ്പോടെ കുഞ്ഞിനൊപ്പമുള്ള ചിത്രവും, ‘എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് മനുഷ്യർ, ഇത്രയടുത്തെങ്കിലും അകലെ’ എന്ന് കുറിച്ചുകൊണ്ട് ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രവും പത്മപ്രിയ പങ്കുവെച്ചിട്ടുണ്ട്. പരുക്കിൽ നിന്ന് കരകയറാൻ സഹായിക്കുന്ന നീന്തലിനെക്കുറിച്ച് ‘അല്പം വാട്ടർ തെറാപ്പിയും ഒരുപാട് പുഞ്ചിരികളും’ എന്നാണ് താരം വിശേഷിപ്പിച്ചത്.

റിക്കവറിയുടെ നാൽപതാം ദിവസം ചെറിയൊരു ട്രെക്കിങ് നടത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ട് ‘ചെറിയൊരു ട്രെക്കിങ് പോലും ഇത്ര വലിയൊരു ദൗത്യമായി തോന്നുമെന്ന് ആര് കരുതി?’ എന്നും താരം ചോദിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ പത്മപ്രിയയ്ക്ക് ചിത്രീകരണത്തിനിടയിലെ ചാടുന്ന രംഗം എടുക്കുമ്പോഴാണ് പരുക്കേറ്റത്. ഒരേസമയം അമ്മയെന്ന ഉത്തരവാദിത്തവും പരുക്കിന്റെ വേദനയും ഒരുപോലെ നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് താരം മുൻപ് തുറന്നുപറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button