Cinema

മകൾ മരിച്ച ദിവസം ധരിച്ച വാച്ച് ഇന്നും കൈയിൽ; റോളക്സും റാഡോയും ഉപേക്ഷിച്ച് വിജയ് ആന്റണി, ആ ശപഥത്തിന് പിന്നിൽ കണ്ണുനനയിക്കുന്ന വേദന!

നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണി ചെരുപ്പ് ധരിക്കാത്തതിന്റെയും വിലകൂടിയ ആഡംബര വാച്ചുകൾ ഉപേക്ഷിച്ചതിന്റെയും പിന്നിലെ വേദനിപ്പിക്കുന്ന കാരണം വെളിപ്പെടുത്തി ഭാര്യയും നിർമാതാവുമായ ഫാത്തിമ വിജയ് ആന്റണി. മൂത്ത മകൾ മീരയുടെ വിയോഗത്തിന് ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫാത്തിമ വികാരാധീനയായി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. എം. മരൻ സംവിധാനം ചെയ്യുന്ന വിജയ് ആന്റണിയുടെ പുതിയ ചിത്രം ‘അപ്പകുട്ടി’യുടെ പ്രീ-റിലീസ് ചടങ്ങായിരുന്നു ഈ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായത്.

മകൾ മീര കോളേജിൽ പോകാൻ തയ്യാറെടുക്കുമ്പോൾ അമേരിക്ക, ലണ്ടൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വാങ്ങിനൽകിയ നിരവധി ജോഡി ചെരുപ്പുകൾ വീട്ടിൽ ഉണ്ടായിരുന്നതായി ഫാത്തിമ ഓർക്കുന്നു. മകളുടെ വിയോഗശേഷം ആ ചെരുപ്പുകൾ തൊടാതെ അതുപോലെ കിടക്കുന്നത് തങ്ങളുടെ വലിയൊരു നഷ്ടത്തിന്റെ വേദന എപ്പോഴും ഓർമിപ്പിക്കുന്ന ഒന്നായി മാറി. ആ ചെരുപ്പുകളിലേക്ക് നോക്കിയ വിജയ് ആന്റണി, തന്റെ ജീവിതകാലം മുഴുവൻ ഇനി ചെരുപ്പ് ധരിക്കില്ലെന്ന് ശപഥം ചെയ്യുകയായിരുന്നുവെന്ന് ഫാത്തിമ പറഞ്ഞു. ലണ്ടൻ, പാരീസ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ സംഗീത കൺസർട്ടുകൾക്ക് പോകുമ്പോൾ ഒഴിവാക്കാനാവാത്തതുകൊണ്ട് മാത്രമാണ് അദ്ദേഹം ചെരുപ്പ് ധരിക്കുന്നത്. എന്നാൽ പരിപാടി കഴിഞ്ഞയുടൻ തന്നെ അവ ഊരിമാറ്റുമെന്നും ഫാത്തിമ വ്യക്തമാക്കി.

റാഡോ, റോളക്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ വാച്ചുകളുടെ വലിയൊരു ശേഖരം തന്നെ വിജയ് ആന്റണിക്കുണ്ടായിരുന്നു. എന്നാൽ മകളുടെ മരണശേഷം അവയെല്ലാം അദ്ദേഹം പൂർണമായും ഉപേക്ഷിച്ചു. പകരം, മീര മരിക്കുന്ന സമയത്ത് ധരിച്ചിരുന്ന 4,000 രൂപ വിലയുള്ള ഒരു സാധാരണ വാച്ചാണ് അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്നത്. മകളുടെ ആഗ്രഹപ്രകാരം താൻ വാങ്ങിനൽകിയ വാച്ചാണതെന്നും, പുതിയ സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കാൻ പലതവണ നിർബന്ധിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചുവെന്നും ഫാത്തിമ കൂട്ടിച്ചേർത്തു. മകളെ നഷ്ടപ്പെട്ട ശേഷം പൊട്ടിയ ചില്ലുകഷ്ണം പോലെയായിരുന്ന തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് വിജയ് ആന്റണിയും സുഹൃത്തുക്കളും ആരാധകരുമാണെന്നും ഫാത്തിമ നന്ദിയോടെ പറഞ്ഞു.

ചടങ്ങിൽ വിജയ് ആന്റണിയുടെയും ഫാത്തിമയുടെയും ഇളയ മകൾ ലാര ആദ്യമായി പൊതുവേദിയിൽ സംസാരിച്ചതും ഏറെ ശ്രദ്ധേയമായി. മൂത്ത മകൾ മീരയെ ഇതുപോലെ ഒരു വേദിയിൽ സംസാരിപ്പിക്കാൻ കഴിയാതെ പോയത് തന്റെ വലിയൊരു നഷ്ടമാണെന്ന് വിജയ് ആന്റണി വികാരാധീനനായി പറഞ്ഞു. വളരെ നാണക്കാരിയായ ലാര സ്റ്റേജിൽ സംസാരിക്കുമോ എന്ന് താൻ കരുതിയിരുന്നതായും, എന്നാൽ അവൾ വളരെ മനോഹരമായി സംസാരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സിനിമയ്ക്കായി അച്ഛൻ രാവും പകലും കഠിനാധ്വാനം ചെയ്യുന്നത് താൻ കണ്ടിട്ടുണ്ടെന്നും, ഒരു കുട്ടിയോടുള്ള അച്ഛന്റെ സ്നേഹം പറയുന്ന ‘അപ്പകുട്ടി’ എല്ലാ കുട്ടികളും തിയേറ്ററിൽ പോയി കാണണമെന്നും ലാര വേദിയിൽ പറഞ്ഞു.

2023-ലായിരുന്നു വിജയ് ആന്റണിയുടെ മൂത്ത മകൾ 16-കാരിയായ മീര വിടവാങ്ങിയത്. മകളുടെ വിയോഗത്തിന് ശേഷം ജീവിതത്തിലുണ്ടായ പ്രതിസന്ധികളിൽ തളരാതെ തനിക്ക് പാറപോലെ ഉറച്ച പിന്തുണ നൽകിയത് ഭാര്യ ഫാത്തിമയാണെന്നും, വിജയ് ആന്റണി ഫിലിം കോർപ്പറേഷന്റെ പിന്നിലെ പ്രധാന ശക്തി അവരാണെന്നും വിജയ് ആന്റണി വേദിയിൽ സ്മരിച്ചു. നവംബർ 20-നാണ് ‘അപ്പകുട്ടി’ തിയേറ്ററുകളിൽ എത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button