News

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം? പവൻ കല്യാണും അന്ന ലെഷ്‌നേവയും വേർപിരിയുന്നതായി റിപ്പോർട്ടുകൾ

നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണും ഭാര്യ അന്ന ലെഷ്‌നേവയും വേർപിരിയുന്നു. 13 വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. പരസ്പര ധാരണയോടെയും ബഹുമാനത്തോടെയുമാണ് വേർപിരിയുന്നതെന്നും മക്കളുടെ ഉത്തരവാദിത്തം ഒരുമിച്ച് തുടർന്നും നിർവഹിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചുമാസങ്ങളായി വേർപിരിയലുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചന ഹർജി കുടുംബകോടതിയിൽ സമർപ്പിച്ചതായും പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചതായി വിവരമുണ്ട്. വിവാഹബന്ധം അവസാനിച്ചാലും നല്ല സുഹൃത്തുക്കളായും മക്കളുടെ ഉത്തരവാദിത്തമുള്ള മാതാപിതാക്കളായും തുടരുമെന്നാണ് ഇരുവരുടെയും നിലപാട്. കുട്ടികളുടെ സന്തോഷത്തിനും ക്ഷേമത്തിനുമാകും മുൻഗണനയെന്നും സ്വകാര്യത മാനിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചിട്ടുണ്ട്.

2013 സെപ്റ്റംബർ 30-നായിരുന്നു പവൻ കല്യാണും റഷ്യൻ മോഡലും നടിയുമായ അന്ന ലെഷ്‌നേവയും വിവാഹിതരായത്. 2011-ൽ പുറത്തിറങ്ങിയ ‘തീൻ മാർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരുടെയും വിവാഹത്തിൽ രണ്ട് മക്കളുണ്ട് — പോലീന അഞ്ജന പവനോവയും മാർക്ക് ശങ്കർ പവനോവിച്ചും.

പവൻ കല്യാണിന്റെ മൂന്നാമത്തെ വിവാഹബന്ധമായിരുന്നു അന്നയുമായുള്ളത്. 1997 മേയിൽ വിശാഖപട്ടണം സ്വദേശിയായ നന്ദിനിയെ ആദ്യമായി വിവാഹം കഴിച്ച താരം, വർഷങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിൽ 2008-ലാണ് വിവാഹമോചനം നേടിയത്. തുടർന്ന് 2009-ൽ നടി രേണു ദേശായിയെ വിവാഹം കഴിച്ചെങ്കിലും 2012-ൽ ആ ബന്ധവും അവസാനിച്ചു. രേണു ദേശായിയുമായുള്ള ബന്ധത്തിൽ രണ്ട് മക്കളുണ്ട്. അന്ന ലെഷ്‌നേവയുമായുള്ള വേർപിരിയൽ വാർത്ത പുറത്തുവന്നതോടെ പവൻ കല്യാണിന്റെ വ്യക്തിജീവിതം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button