സായിപല്ലവിക്ക് കടുത്ത വെല്ലുവിളി! മണ്ഡോദരിയായി കാജൽ അഗർവാൾ; രാജകീയ സൗന്ദര്യത്തിൽ ആരാധകരെ ഞെട്ടിച്ച് താരം!

‘രാമായണ’ സിനിമയിൽ സീതയായി സായി പല്ലവി എത്തുമ്പോൾ, രാവണപത്നി മണ്ഡോദരിയായി ശ്രദ്ധ നേടുകയാണ് കാജൽ അഗർവാൾ. ചിത്രത്തിലെ കാജലിന്റെ ലുക്കും വേഷവിധാനവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സായി പല്ലവി, രാകുൽ പ്രീത് തുടങ്ങിയ താരങ്ങൾക്കൊപ്പം സൗന്ദര്യത്തിന്റെ കാര്യത്തിൽ കാജലും മുന്നിലെത്തുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം. സീതയുടെ വേഷത്തിലേക്ക് കാജലിനെയും പരിഗണിക്കാമായിരുന്നുവെന്ന പ്രതികരണങ്ങളും ഉയരുന്നുണ്ട്. ചിത്രത്തിൽ പരിമിതമായ സ്ക്രീൻ സമയം മാത്രമാണുള്ളതെങ്കിലും മണ്ഡോദരിയുടെ വേഷത്തിൽ കാജൽ ശ്രദ്ധേയമായ സാന്നിധ്യമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന അംഗീകാരങ്ങളിൽ നന്ദി അറിയിച്ച് കാജൽ അഗർവാളും രംഗത്തെത്തി. ‘രാമായണ’ പോലൊരു ബൃഹത്തായ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമായ അനുഭവമാണെന്ന് നടി കുറിച്ചു. വേഷം ചെറുതായിരിക്കാമെങ്കിലും ഇന്ത്യൻ സംസ്കാരത്തോടും ചരിത്രത്തോടും ആഴത്തിൽ ബന്ധപ്പെട്ടുനിൽക്കുന്ന ഇതിഹാസത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ സന്തോഷമാണ്. കലയോടുള്ള അഭിനിവേശവും അർപ്പണബോധവുമുള്ള മികച്ച അഭിനേതാക്കൾക്കും സാങ്കേതികപ്രവർത്തകർക്കുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും വിലമതിക്കാനാവാത്ത അനുഭവമാണെന്ന് അവർ പറഞ്ഞു.
തന്നെ ഈ കഥാപാത്രത്തിലേക്ക് പരിഗണിച്ച നിർമാതാവ് നമിത് മൽഹോത്രയ്ക്കും സംവിധായകൻ നിതേഷ് തിവാരിക്കും കാജൽ നന്ദി അറിയിച്ചു. യഷ്, രൺബീർ കപൂർ, സായി പല്ലവി, രവി ദുബെ, സണ്ണി ഡിയോൾ എന്നിവരോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതും രാകുൽ പ്രീത്, വിവേക് ഒബ്റോയ്, ആദിനാഥ് കോത്താരെ തുടങ്ങിയവരുമായുള്ള സൗഹൃദ നിമിഷങ്ങളും സന്തോഷം നൽകിയെന്ന് നടി കുറിച്ചു. സഹതാരങ്ങളുടെ കഴിവും ആത്മാർഥതയും തനിക്ക് പ്രചോദനമായെന്നും അവർ വ്യക്തമാക്കി.
ഒരു സിനിമയുടെ മഹത്വം കഥാപാത്രത്തിന്റെ വലിപ്പത്തിലോ സ്ക്രീനിൽ ലഭിക്കുന്ന സമയത്തിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും കഥയുടെ പ്രാധാന്യവും അതിന് പിന്നിലെ സമർപ്പണവുമാണ് പ്രധാനമെന്നും കാജൽ പറഞ്ഞു. തന്റെ കഥാപാത്രത്തെ സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചു. ചിത്രത്തിന്റെ വേഷവിധാനങ്ങൾ ഒരുക്കിയ കോസ്റ്റ്യൂം ടീമിനെയും അസിസ്റ്റന്റ് ഡയറക്ടർമാരെയും പ്രത്യേകം അഭിനന്ദിക്കാനും നടി മറന്നില്ല. ‘രാമായണ’ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത കൂട്ടായ്മകളിലൊന്നായിരിക്കുമെന്നും കാജൽ കുറിച്ചു.



