85 കോടി കളക്ഷൻ! ബോക്സ് ഓഫീസിൽ തരംഗമായി സൂര്യയുടെ ‘സീൻ’; റെക്കോർഡ് നേട്ടവുമായി ചിത്രം!

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കിയ തമിഴ് ചിത്രം ‘സീനി’ന് തീയേറ്ററുകളിൽ ആവേശകരമായ പ്രേക്ഷക പ്രതികരണം. ഇതോടെ സംവിധായകൻ ജിത്തു മാധവനും നായകൻ സൂര്യക്കും തങ്ങളുടെ കരിയറിലെ ഹാട്രിക് ഹിറ്റായി മാറുകയാണ് ഈ ചിത്രം. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണിത്. ‘കറുപ്പ്’, ‘വിശ്വനാഥൻ ആൻഡ് സൺസ്’ എന്നീ വിജയചിത്രങ്ങൾക്ക് ശേഷമെത്തുന്ന സൂര്യ സിനിമ എന്ന പ്രത്യേകതയും സീനിനുണ്ട്.
ബോക്സ് ഓഫീസിലും വൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. ആദ്യദിനം 41 കോടി രൂപയുടെ ഗംഭീര ഓപ്പണിങ് നേടിയ ചിത്രം രണ്ടാം ദിനത്തിൽ 45 കോടിയോളം സ്വന്തമാക്കി. ഇതോടെ രണ്ടു ദിവസം കൊണ്ട് ആകെ ബോക്സ് ഓഫീസ് കളക്ഷൻ 85 കോടിയോളമായി ഉയർന്നു. ഞായറാഴ്ച (നവംബർ 8) ഉച്ചയോടെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെയും ബോക്സ് ഓഫീസ് ട്രാക്കർമാരുടെയും വിലയിരുത്തൽ. തമിഴിൽ മറ്റൊരു താരത്തിനും എളുപ്പത്തിൽ അവകാശപ്പെടാനാകാത്ത വലിയ നേട്ടങ്ങളിലേക്കാണ് സൂര്യ ഈ ചിത്രത്തിലൂടെ നടന്നു കയറുന്നത്.
ഡിഎസ്പി ഇമ്പരാജ്’ എന്ന കടുപ്പക്കാരനായ പോലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. സൂര്യയുടെ മാസ് ലുക്കും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും മികച്ച കോമഡിയും ത്രില്ലിംഗ് മുഹൂർത്തങ്ങളും ചേർന്ന കംപ്ലീറ്റ് മാസ് എന്റർടൈനറാണ് ‘സീൻ’. മലയാളി താരം നസ്ലൻ ‘ഈശ്വരൻ’ എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നസ്രിയ നസീം, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ജിത്തു മാധവൻ ആദ്യമായി തമിഴിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ സംഗീത സംവിധായകൻ സുഷിൻ ശ്യാമും തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. ജിത്തു മാധവൻ-സുഷിൻ ശ്യാം കൂട്ടുകെട്ടിൽ വീണ്ടുമൊരു ബ്ലോക്ക്ബസ്റ്റർ പിറന്ന സന്തോഷത്തിലാണ് ആരാധകർ.



