‘പ്രാർത്ഥിച്ചയാൾ തന്നെ ജീവിതപങ്കാളിയായി’; നടി അഞ്ജു കുര്യൻ വിവാഹിതയായി, സന്തോഷവാർത്ത പങ്കുവച്ച് താരം

നടിയും മോഡലുമായ അഞ്ചുകുര്യനും റോഷനും വിവാഹിതരായി. ഇന്നലെ നടന്ന വിവാഹത്തിന്റ ചിത്രങ്ങൾ അഞ്ജുതന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. താൻ പ്രാർത്ഥിച്ചയാളെ തനിക്ക് ജീവിത പങ്കാളിയായി ലഭിച്ചിരിക്കുകയാണെന്ന് താരം കുറിച്ചു.
ഞാൻ പ്രാർത്ഥിച്ച ആളെത്തന്നെ ജീവിതപങ്കാളിയായി ലഭിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരദ്ധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. ഇത് രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള വെറും വാഗ്‌ദാനമല്ല. ദൈവസാന്നിദ്ധ്യത്തിലെടുത്ത പ്രതിജ്ഞയാണ്. എന്റെ ഉള്ളിലെ ചെറിയ കുട്ടി ഇത്രയും കാലം മനസിൽ സൂക്ഷിച്ച ഒരു സ്വപ്‌നം സാക്ഷാത്‌കരിക്കുകയാണ്.
ഇതൊരു വിവാഹം മാത്രമല്ല, ജീവിതകാലം മുഴുവൻ നീളുന്ന ചെറിയ ചെറിയ നിമിഷങ്ങൾ, ഒടുങ്ങാത്ത ചിരികൾ, ഒന്നിച്ചുള്ള ഉയർച്ചകൾ, പരസ്‌പരം തിരഞ്ഞെടുക്കൽ, അങ്ങനെ സ്‌നേഹം നിറഞ്ഞ ഒരു വീട് കെട്ടിപ്പെടുക്കുക- ഇതെല്ലാം നിറഞ്ഞ ഒരു ജീവിതമാണ്’.
രണ്ട് വർഷം മുൻപായിരുന്നു കോട്ടയം സ്വദേശിയായ അഞ്ജുവിന്റെയും റോഷന്റെയും വിവാഹനിശ്ചയം. എന്നെന്നേക്കുമായി ഞാൻ നിന്നെ കണ്ടെത്തി, ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ച ദൈവത്തോട് നന്ദി പറയുന്നു’,- എന്ന അടിക്കുറിപ്പോടെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ അഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യൻ. പഠിച്ചതെല്ലാം ചെന്നൈയിലാണ്. പഠിക്കുന്ന സമയത്ത് തന്നെ മോഡലിംഗ് ചെയ്തിരുന്നു. മോഡലിംഗിലൂടെയാണ് സിനിമയിൽ എത്തിയത്. 2013ൽ നേരം എന്ന സിനിമയിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജുവിന്റെ തുടക്കം.തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്. ജാക്ക് ഡാനിയേൽ, മേപ്പടിയാൻ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ആസിഫ് അലി ചിത്രം കവി ഉദ്ദേശിച്ചതിലൂടെയാണ് അഞ്ജു ആദ്യമായി നായികയാവുന്നത്.



