സീത പോരാളിയല്ല, ഭക്തിയുടെയും ത്യാഗത്തിന്റെയും പ്രതീകം’; സായ് പല്ലവിയുടെ ആക്ഷൻ രംഗത്തിനെതിരെ മുകേഷ് ഖന്ന

നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രമായ ‘രാമായണ’യിലെ സീതാദേവിയായി എത്തുന്ന സായ് പല്ലവിയുടെ ആക്ഷൻ രംഗത്തിനെതിരെ രൂക്ഷവിമർശനവുമായി നടൻ മുകേഷ് ഖന്ന. ഇതിഹാസ കഥാപാത്രമായ സീതയെ ആധുനിക ഫെമിനിസത്തിന് അനുസൃതമായി മാറ്റിയെഴുതിയെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. നവംബർ അഞ്ചിന് തീയറ്ററുകളിലെത്തിയ ചിത്രം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും എന്നാൽ സോഷ്യൽ മീഡിയയിലെ ചർച്ചകളും റിവ്യൂകളും തന്നെ ഞെട്ടിച്ചുവെന്നും മുകേഷ് ഖന്ന പറഞ്ഞു.
‘ഝാൻസി റാണിയെപ്പോലെയോ ഇന്നത്തെ ആക്ഷൻ നായികമാരെപ്പോലെയോ സീത രാക്ഷസന്മാരെ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത് കണ്ട് താൻ അമ്പരന്നുപോയി. എന്റെ അറിവിൽ വാത്മീകി രാമായണത്തിൽ ഒരിടത്തും സീത യുദ്ധം ചെയ്യുന്നതായി പറയുന്നില്ല. മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ പത്നിയായ സീത, ഭക്തിയുടെയും ത്യാഗത്തിന്റെയും പ്രതീകമായിരുന്നു. സ്വന്തം തെറ്റുകൊണ്ടല്ലാതെ, പിതാവിന് നൽകിയ വാക്ക് പാലിക്കാൻ രാമൻ കാട്ടിലേക്ക് പോയപ്പോൾ കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് 14 വർഷം കൂടെ നിൽക്കുകയാണ് അവർ ചെയ്തത്.’- അദ്ദേഹം വ്യക്തമാക്കി.
സീത ഒരു പോരാളിയായിരുന്നുവെങ്കിൽ രാവണൻ തട്ടിക്കൊണ്ടുപോകാൻ വന്നപ്പോൾ എന്തുകൊണ്ട് പോരാടിയില്ലെന്നും അദ്ദേഹം ചോദിച്ചു. അന്ന് നിശബ്ദമായി കീഴടങ്ങിയ സീതയെ ഇപ്പോൾ കരാട്ടെയും വാൾപ്പയറ്റും പഠിപ്പിക്കുന്നത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ഇന്നത്തെ സ്ത്രീകളെ പ്രീതിപ്പെടുത്താനും ഫെമിനിസം കാണിക്കാനുമാണ് സീതയെ ആക്ഷൻ നായികയാക്കിയത്.
ഇന്നത്തെ സ്ത്രീകൾ കരുത്തരായിരിക്കാം, പക്ഷേ രാമായണത്തിലെ സീത ആധുനിക അജണ്ടകളുടെ പ്രതീകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചെറുപ്പം മുതൽ കണ്ടും കേട്ടും വളർന്ന ഇതിഹാസ കഥകളിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് ശരിയല്ലെന്നും “നിങ്ങൾക്ക് നാണക്കേട് തോന്നണം” എന്നും പറഞ്ഞാണ് മുകേഷ് ഖന്ന തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.



