പുണ്യാളൻ 2’ ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞു; കഥാപാത്രത്തെ കൊന്നത് അങ്ങനെ! വെളിപ്പെടുത്തലുമായി നൈല ഉഷ

മലയാള സിനിമയിലെ ശ്രദ്ധേയ ചിത്രമായ ‘പുണ്യാളൻ അഗർബത്തീസി’ന്റെ രണ്ടാം ഭാഗത്തിൽ താൻ അഭിനയിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടി നൈല ഉഷ. ‘പുണ്യാളൻ അഗർബത്തീസ് 2’ തിരക്കഥ കേട്ടപ്പോൾ തനിക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്നും, സിനിമയിൽ അഭിനയിക്കാൻ വരുന്നില്ലെന്ന് പറഞ്ഞപ്പോഴാണ് കഥാപാത്രത്തെ മരിച്ചതായി കാണിച്ചതെന്നുമാണ് നൈല പറഞ്ഞത്.
ജയസൂര്യയും നൈല ഉഷയും വീണ്ടും ഒന്നിക്കുന്ന ‘മായൻ: ചാപ്റ്റർ വൺ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് താരം മനസ്സുതുറന്നത്. ‘പുണ്യാളൻ അഗർബത്തീസി’ൽ ജോയ് താക്കോൽക്കാരന്റെ ഭാര്യ അനു ജോയ് എന്ന കഥാപാത്രത്തെയാണ് നൈല അവതരിപ്പിച്ചത്. എന്നാൽ, 2017-ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗമായ ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡി’ൽ നൈലയുടെ കഥാപാത്രമുണ്ടായിരുന്നില്ല.
ചടങ്ങിനിടെ, എന്തുകൊണ്ടാണ് രണ്ടാം ഭാഗത്തിൽ ഇല്ലാതിരുന്നതെന്ന ചോദ്യത്തിന് നൈല നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “അത് നിങ്ങൾ ജയേട്ടനോട് തന്നെ ചോദിക്ക്. ജയേട്ടൻ പറയും എന്നോട് ചോദിക്കേണ്ട, സിനിമയുടെ സംവിധായകനോട് ചോദിക്ക്. ‘പുണ്യാളൻ അഗർബത്തീസ് 2’ തിരക്കഥ ഞാൻ കേട്ടു. എനിക്കത്ര ഇഷ്ടപ്പെട്ടില്ല. ഞാൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ അവരെന്നെ പടമാക്കിയതാണ്.”
ജയസൂര്യയുമായുള്ള സൗഹൃദത്തെക്കുറിച്ചും പുതിയ സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും നൈല വാചാലയായി. “മായൻ എന്ന സിനിമയിലേക്ക് ഞാൻ വരുമ്പോൾ എന്റെ ഏറ്റവും വലിയ കംഫർട്ട് സോൺ ജയേട്ടനാണ്. അദ്ദേഹമാണ് സിനിമയിലെ എന്റെ ആദ്യത്തെ സുഹൃത്ത്. ജോയും അനുവുമായിട്ട് പുണ്യാളൻ അഗർബത്തീസിനു ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ്. ഇതിൽ എന്റെ കഥാപാത്രത്തിന്റെ പേര് സിമി എന്നാണ്. ജയസൂര്യയുടെ കഥാപാത്രത്തെ വളരെയധികം സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന ഒരു ഭാര്യയായിട്ടാണ് ഞാൻ അഭിനയിക്കുന്നത്,” നൈല വ്യക്തമാക്കി.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ‘പുണ്യാളൻ അഗർബത്തീസ്’ 2013-ലാണ് തിയറ്ററുകളിൽ എത്തിയത്. 2017-ൽ സിനിമയുടെ രണ്ടാം ഭാഗം റിലീസിനെത്തി. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ: ചാപ്റ്റർ വൺ’ ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തും. ജേസൺ വർഗീസ് എന്ന പൊലീസ് കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.



