മദ്യപിക്കാത്ത ഒരാളെ എവിടെ നിന്ന് കൊണ്ടുവരും? വീട്ടുകാർ പോലും കൈയൊഴിഞ്ഞു; തുറന്നുപറഞ്ഞ് അഞ്ജു കുര്യൻ

തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്പങ്ങളെക്കുറിച്ചും വിവാഹശേഷമുള്ള വിശേഷങ്ങളും പങ്കുവെച്ച് നടി അഞ്ജു കുര്യൻ. മാട്രിമോണി വഴിയാണ് അഞ്ജുവും റോഷനും പരിചയപ്പെട്ടതെന്നും, മദ്യപാനമോ പുകവലിയോ ഇല്ലാത്ത ആരോഗ്യകരമായ ജീവിതശൈലിയുള്ള ഒരാളാകണം പങ്കാളിയെന്നത് തനിക്ക് നിർബന്ധമായിരുന്നുവെന്നും താരം വ്യക്തമാക്കി. പ്ലാന്ററായ റോഷനാണ് അഞ്ജുവിന്റെ ഭർത്താവ്.
“മാട്രിമോണിയിലൂടെയാണ് വിവാഹാലോചന വരുന്നത്. പരസ്പരം സംസാരിച്ച് നോക്കിയിട്ട് മുന്നോട്ട് പോകാമെന്ന നിലപാടിലായിരുന്നു ഞങ്ങൾ. തീർത്തും അപരിചിതരായ രണ്ട് പേർ സംസാരിക്കുകയാണ്. ഒത്തുപോകുമെന്ന് തോന്നിയാൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമറിയിക്കാമെന്ന് ഞാൻ വീട്ടിൽ പറഞ്ഞു; റോഷൻ അദ്ദേഹത്തിന്റെ വീട്ടുകാരോടും അങ്ങനെ തന്നെ പറഞ്ഞു. മൂന്ന് മാസം കഴിഞ്ഞപ്പോൾ രണ്ടുപേർക്കും യെസ് ആയിരുന്നു, അങ്ങനെ വിവാഹം ഉറപ്പിച്ചു. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോഴാണ് എൻഗേജ്മെന്റ് നടത്തിയത്,” അഞ്ജു പറഞ്ഞു
തന്റെ നിലപാടുകൾ കേൾക്കുമ്പോൾ ചിലർ തന്നെ പഴഞ്ചൻ എന്ന് വിളിച്ചേക്കാമെന്നും എന്നാൽ തനിക്ക് ആരോഗ്യകരമായ ജീവിതശൈലിയാണ് ഏറെ ഇഷ്ടമെന്നും അഞ്ജു കൂട്ടിച്ചേർത്തു. “മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളൊന്നും പാടില്ലെന്നായിരുന്നു എന്റെ നിബന്ധന. അങ്ങനെയുള്ള ഒരാളെ ഞാൻ എവിടുന്ന് കൊണ്ടുവരാനാണെന്ന് അപ്പൻ തന്നെ ചോദിക്കുമായിരുന്നു. ‘മദ്യപിക്കാത്ത ഒരാളോ? എന്റെ സർക്കിളിൽ പോലും അങ്ങനെ ആരുമില്ലല്ലോ’ എന്നൊക്കെ അപ്പൻ പറയുമായിരുന്നു. എങ്കിലും എനിക്ക് ആ നിലപാടിൽ ഉറച്ചുനിൽക്കാനാണ് ഇഷ്ടം.”
“നീ പറയുന്നതുപോലെ മദ്യപിക്കാത്ത, ഹെൽത്തിയായ ഒരാളെ കിട്ടാൻ പ്രയാസമാണെന്നായിരുന്നു വീട്ടുകാരുടെ പക്ഷം. അവരെല്ലാം കയ്യൊഴിഞ്ഞ മട്ടായിരുന്നു. എന്റെ സുഹൃത്തുക്കളുടെ സർക്കിളിൽ നോക്കിയാലും അത്തരം ഗുണങ്ങളുള്ള ഒരാളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. പക്ഷേ ഒടുവിൽ അങ്ങനെയൊരാൾ ജീവിതത്തിലേക്ക് വന്നു,” അഞ്ജു കുര്യൻ സന്തോഷത്തോടെ വ്യക്തമാക്കി.



