“അച്ഛൻ അങ്ങനെയൊരു പ്രശംസ തരുന്നത് ആദ്യം..”; വേദിയിൽ കണ്ണ് നിറഞ്ഞ് നടി ദീപ തോമസ്!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി ദീപ തോമസ് തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ വിജയവേദിയിൽ വികാരാധീനയായി. വെങ്കടേഷ് മഹ സംവിധാനം ചെയ്ത ‘റാവു ബഹദൂർ’ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിലൂടെ തെലുങ്കിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ദീപ. സത്യദേവ് നായകനായ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ നടന്ന വിജയാഘോഷ ചടങ്ങിലാണ് താരം കണ്ണ് നിറഞ്ഞത്. സംസാരിക്കുന്നതിനിടയിൽ കരഞ്ഞ ദീപയെ സദസ്സിലിരുന്ന സഹതാരങ്ങളും അണിയറപ്രവർത്തകരും ചേർന്നാണ് ആശ്വസിപ്പിച്ചത്.
തിയേറ്ററിൽ തന്റെ മാതാപിതാക്കൾക്കൊപ്പം സിനിമ കണ്ട അനുഭവം പങ്കുവെക്കവേയാണ് ദീപയുടെ ശബ്ദമിടറിയത്. “എന്റെ മാതാപിതാക്കൾക്ക് തെലുങ്ക് അറിയില്ല. എന്നാൽ തിയേറ്ററിൽ സബ്ടൈറ്റിലുകൾ നോക്കി അവർ സിനിമയിലെ ഓരോ വികാരങ്ങളും ഉൾക്കൊണ്ട് ചിരിക്കുകയും കരയുകയും ചെയ്യുന്നത് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ എനിക്ക് വലിയ അഭിമാനം തോന്നി,” ദീപ പറഞ്ഞു. കൂടാതെ, എപ്പോഴും തന്റെ അഭിനയത്തിൽ കുറ്റങ്ങളും കുറവുകളും കണ്ടെത്തി ‘കുറച്ചുകൂടി നന്നാക്കാമായിരുന്നു’ എന്ന് പറയുന്ന അച്ഛൻ, ഇത്തവണ ഇത് നിന്റെ ‘ബെസ്റ്റ് പെർഫോമൻസ്’ ആണെന്ന് പറഞ്ഞ് പ്രശംസിച്ചതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ പുരസ്കാരമെന്നും താരം കൂട്ടിച്ചേർത്തു.
‘കരിക്ക്’ വെബ് സീരീസിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ദീപ തോമസ്, ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. തുടർന്ന് റോജിൻ തോമസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘ഹോം’ ദീപയുടെ കരിയറിൽ വലിയൊരു ബ്രേക്ക് നൽകി. ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ കാമുകിയായ ‘പ്രിയ’ എന്ന കഥാപാത്രത്തെയാണ് ദീപ അവതരിപ്പിച്ചത്. മലയാളത്തിന് പിന്നാലെ ഇപ്പോൾ തെലുങ്കിലും നായികയായി തിളങ്ങുന്ന ദീപയ്ക്ക് വലിയൊരു ഭാവി തന്നെയുണ്ടെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.



