മോഹൻലാലിന്റെ ഫിറ്റ്‌നസ് മാറ്റം; ദിവസവും ജിമ്മിലെത്തും, മറ്റുള്ളവരെയും പ്രേരിപ്പിക്കുമെന്ന് സുചിത്ര

മോഹൻലാലിന്റെ പുതിയ ഫിറ്റ്‌നസ് ശീലങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ഭാര്യ സുചിത്ര മോഹൻലാൽ. പ്രമുഖ തമിഴ് മാധ്യമമായ ‘വികടന്’ നൽകിയ അഭിമുഖത്തിലാണ് താരം ഇപ്പോൾ കടുത്ത ഫിറ്റ്‌നസ് ഫ്രീക്കാണെന്ന് സുചിത്ര വെളിപ്പെടുത്തിയത്.
പണ്ട് വർക്കൗട്ടുകളോട് വലിയ താൽപ്പര്യമില്ലാതിരുന്ന മോഹൻലാൽ ഇന്ന് ദിവസവും ജിമ്മിൽ പോകാറുണ്ടെന്ന് സുചിത്ര പറയുന്നു. “അദ്ദേഹമിപ്പോൾ ഫിറ്റ്നസ് ഫ്രീക്കായി മാറി. ആദ്യം അങ്ങനെയൊന്നും ഇല്ലായിരുന്നു. അക്കാലത്ത് മറ്റ് നായകന്മാരെ പോലെ അദ്ദേഹം ബോഡി മെയിന്റൈൻ ചെയ്തിരുന്നില്ല. എന്നാൽ വളരെ ഫ്ലെക്സിബിൾ ആയിരുന്നു. ഫിറ്റ്നസ് ഇല്ലാത്തത് ആരും കാര്യമാക്കിയിരുന്നില്ല. ഒരുപക്ഷെ അദ്ദേഹത്തിന്റെ ആക്ടിംഗ് എല്ലാത്തിനെയും ഓവർ ഷാഡോ ചെയ്തിരിക്കാം,” സുചിത്ര പറഞ്ഞു.
എന്നാലിപ്പോൾ സ്ഥിതി ആകെ മാറിയെന്നും, ഒരു ദിവസം വർക്കൗട്ട് ചെയ്തില്ലെങ്കിൽ തലവേദനയും വല്ലായ്മയും തോന്നുന്നുവെന്ന് അദ്ദേഹം പറയാറുണ്ടെന്നും അവർ വ്യക്തമാക്കി. ഒപ്പം കൂടെയുള്ളവരെയും വർക്കൗട്ട് ചെയ്യാൻ അദ്ദേഹം നിർബന്ധിക്കാറുണ്ട്. തന്നെയും മകളെയും ഇതിനായി ഉപദേശിക്കാറുണ്ടെന്നും എന്നാൽ മകൻ ജിമ്മിൽ പോകുന്നതിന് പകരം ട്രെക്കിംഗ്, റോക്ക് ക്ലൈംബിംഗ്, നീന്തൽ തുടങ്ങിയ ഔട്ട്ഡോർ ആക്റ്റിവിറ്റികളിലൂടെയാണ് ഫിറ്റ്നസ് നിലനിർത്തുന്നതെന്നും സുചിത്ര കൂട്ടിച്ചേർത്തു.



