Cinema

‘അതൊരു കൈയബദ്ധം മാത്രമായിരുന്നു’; ശബ്ദം നഷ്ടപ്പെട്ടതിനെക്കുറിച്ച് കലാരഞ്ജിനിയുടെ പ്രതികരണം

കോമഡി കലർന്ന വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കലാരഞ്ജിനി. ഉർവശിയുടെയും കൽപനയുടെയും സഹോദരിയായ താരം നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ബാലതാരമായാണ് സിനിമയിലെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ടെലിവിഷൻ സീരിയലുകളിലും സജീവമായ കലാരഞ്ജിനിയുടെ ശബ്ദത്തിലെ പ്രത്യേകത എപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒന്നാണ്.

എന്നാൽ ഇന്നുകേൾക്കുന്നതുപോലെയുള്ള ശബ്ദമായിരുന്നില്ല താരത്തിന്റേത്. സിനിമാ സെറ്റിലുണ്ടായ ഒരു അപകടത്തിലൂടെയാണ് ശബ്ദത്തിൽ വ്യത്യാസം വന്നത്. മേക്കപ്പിൽ സംഭവിച്ച ചെറിയൊരു കൈയബദ്ധം തന്റെ ജീവിതത്തെ ബാധിച്ചെങ്കിലും, അതിൽ ആരോടും യാതൊരു പരാതിയോ വിഷമമോ ഇല്ലെന്ന് കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം തുറന്നുപറഞ്ഞു.

മലയാളത്തിലെ ഏറ്റവും വലിയ മേക്കപ്പ്മാൻമാരിൽ ഒരാളായ കെ.വി. ഭാസ്‌കറിന്റെ ഭാഗത്തുനിന്നുണ്ടായ ചെറിയൊരു കൈയബദ്ധമാണ് തനിക്ക് ഈ ദുരവസ്ഥ ഉണ്ടാക്കിയതെന്ന് കലാരഞ്ജിനി ഓർക്കുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്നും, തന്റെ ജീവിതം ഇത്തരത്തിലാകുമെന്ന് അദ്ദേഹവും ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ലെന്നും താരം വ്യക്തമാക്കുന്നു.

ആ സമയത്ത് അദ്ദേഹത്തിന് വലിയ വിഷമമായിരുന്നുവെന്നും, എല്ലാവരും അദ്ദേഹത്തെ സെറ്റുകളിൽ നിന്ന് ഒഴിവാക്കിയപ്പോൾ അവസാന നാളുകളിൽ താനാണ് സഹായിയായി ഒപ്പം നിന്നതെന്നും കലാരഞ്ജിനി പറഞ്ഞു. അദ്ദേഹത്തിന്റെ മക്കളുമൊക്കെയായി ഇപ്പോഴും നല്ല ബന്ധമാണ് ഉള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

ശബ്ദത്തിൽ മാറ്റം വന്നതിനുശേഷവും താൻ അഭിനയം തുടർന്നു. അതിന് കാരണം കൂടെ അഭിനയിച്ച സഹപ്രവർത്തകരുടെയും യൂണിറ്റ് അംഗങ്ങളുടെയും പൂർണ്ണ പിന്തുണയായിരുന്നു. താൻ ഡയലോഗ് പറയുമ്പോൾ മറ്റുള്ളവർക്ക് റിയാക്ഷൻ ചെയ്യാൻ ബുദ്ധിമുട്ടാകുമോ എന്ന് കരുതി ഡബ്ബ് ചെയ്യണോ എന്ന് ചോദിച്ചിരുന്നു. എന്നാൽ എല്ലാവരും സഹകരിച്ചതുകൊണ്ടാണ് ആ പ്രതിസന്ധി മറികടക്കാൻ സാധിച്ചത്.

അമ്പിളിയായിരുന്നു അക്കാലത്ത് എല്ലാ ചിത്രങ്ങൾക്കും ശബ്ദം നൽകിയിരുന്നത്. എന്നാൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിലാണ് കൽചേച്ചിയുടെ ശബ്ദം തന്നെ മതിയെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്. പിന്നീട് ‘ചിറകൊടിഞ്ഞ കിനാവുകൾ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും സ്വന്തം ശബ്ദത്തിൽ തന്നെ അഭിനയിക്കാൻ കഴിഞ്ഞതായി കലാരഞ്ജിനി ഓർമിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button