കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘എക്കോ’, മികച്ച നടന്മാർ മോഹൻലാൽ, അനശ്വരയും കല്യാണിയും

2026-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു. എറണാകുളം ഐ.എം.എ. ഹാളിൽ നടന്ന ചടങ്ങ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ജോർജ് ഓണക്കൂർ അധ്യക്ഷനായി. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ‘എക്കോ’ സ്വന്തമാക്കിയപ്പോൾ, ‘രേഖാചിത്രം’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
മലയാള സിനിമയിലെ മികവിനുള്ള അംഗീകാരമായി മോഹൻലാൽ മികച്ച നടനായും, അനശ്വര രാജൻ, കല്യാണി പ്രിയദർശൻ എന്നിവർ മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ജൂറിയുടെ പ്രത്യേക പരാമർശത്തിന് മെഗാസ്റ്റാർ മമ്മൂട്ടി അർഹനായി. ഡൊമിനിക് അരുളാണ് മികച്ച സംവിധായകൻ. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തി പിന്നണിഗായകൻ എം.ജി. ശ്രീകുമാറിന് ചലച്ചിത്രരത്‌നം അവാർഡും, സംവിധായകൻ പ്രിയദർശന് റൂബി ജൂബിലി അവാർഡും നൽകി ആദരിച്ചു.
കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിലെ മറ്റു പ്രധാന പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ദിലീഷ് പോത്തൻ നേടിയപ്പോൾ, ഹണി റോസ്, ശുഭ വയനാട് എന്നിവർ മികച്ച രണ്ടാമത്തെ നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരങ്ങൾക്കുള്ള അവാർഡിന് ദേവനന്ദ ജിബി, ധാർമിക് സുധാകരൻ എന്നിവർ അർഹരായി. മികച്ച സംഗീത സംവിധായകനായി ജേക്‌സ് ബിജോയിയെയും, മികച്ച പിന്നണി ഗായകനായി നവനീത് ഉണ്ണികൃഷ്ണനെയും തിരഞ്ഞെടുത്തു. സിതാര കൃഷ്ണകുമാറും ജെ.ആർ. ദിവ്യ നായരുമാണ് മികച്ച പിന്നണി ഗായികമാർ. മികച്ച ഗാനരചയിതാക്കൾക്കുള്ള പുരസ്കാരം മഹേഷ് ഗോപൻ, മുരളി നീലാംബരി എന്നിവർ പങ്കിട്ടു. മികച്ച ഹ്രസ്വ ചിത്രമായി ‘മെയ്ഡ് ഇൻ’ തിരഞ്ഞെടുക്കപ്പെട്ടു.



