14 വർഷങ്ങൾക്ക് ശേഷം അമൽ നീരദ് മാജിക്; ‘ബാച്ച്ലർ പാർട്ടി ഡുഎക്സ്’ ആദ്യ ലിറിക്കൽ ഗാനം ഇന്ന് പുറത്തിറങ്ങും

മലയാളത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങളുടെ സംവിധായകൻ അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബാച്ച്ലർ പാർട്ടി ഡുഎക്സ്’ ലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങും. 2012-ൽ പുറത്തിറങ്ങി കൾട്ട് ക്ലാസിക്കായി മാറിയ ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായി, 14 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം ജെൻ-സി വൈബിൽ എത്തുന്നത്. നവംബർ 19-നാണ് ചിത്രത്തിന്റെ ലോകവ്യാപക റിലീസ്.
ഫ്രഞ്ച് ഭാഷയിൽ ‘രണ്ട്’ എന്നും ‘അവരുടെ’ അല്ലെങ്കിൽ ‘അവരെ കുറിച്ച്’ എന്നുമാണ് ‘ഡുഎക്സ്’ എന്ന വാക്കിന്റെ അർത്ഥം. നസ്ലെൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരീസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളാണ് ചിത്രം നിർമിക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ഉണ്ണി ആറിന്റേതാണ് സംഭാഷണം.



