എന്തൊക്കെ സംഭവിച്ചാലും ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും’; റിഥപ്പന് പിറന്നാൾ ആശംസിച്ച് ചേട്ടൻ കിച്ചു

രേണു സുധിയുടെ മകൻ ഋതുൽ എന്ന റിഥപ്പന് പിറന്നാൾ ആശംസകൾ നേർന്ന് കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു (രാഹുൽ). റിഥപ്പനോടൊപ്പമുള്ള ബാല്യകാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കിച്ചു സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചത്.‘പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട അനിയാ,” എന്ന സ്നേഹം നിറഞ്ഞ വാക്കുകളോടെയാണ് സഹോദരനൊപ്പമുള്ള ബാല്യകാല ചിത്രങ്ങൾ കിച്ചു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
കിച്ചുവിന്റെ കുറിപ്പ്: ‘ഇപ്പോൾ നിന്റെ അടുത്ത് വരാൻ പറ്റുന്ന ഒരു സാഹചര്യത്തിലല്ല ഞാൻ ഉള്ളതെന്ന് എനിക്കറിയാം, എങ്കിലും എന്തൊക്കെ സംഭവിച്ചാലും ഞാൻ എപ്പോഴും നിന്റെ കൂടെത്തന്നെയുണ്ടാകും, അത് ഉറപ്പാണ്. ഞാൻ ഇപ്പോൾ ചെയ്യുന്നതോ എനിക്ക് തോന്നുന്നതോ ആയ കാര്യങ്ങൾ ഒരുപക്ഷേ നിനക്ക് മുഴുവനായി മനസ്സിലായെന്ന് വരില്ല, എന്നാൽ എന്നെങ്കിലും ഒരു ദിവസം നിനക്ക് എല്ലാം മനസ്സിലാകും. അതുവരെ, നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മാത്രം ഓർക്കുക.
നമ്മൾ തമ്മിൽ എത്ര അകലെയാണെങ്കിലും നമുക്കിടയിൽ എന്ത് സംഭവിച്ചാലും, എന്റെ ഹൃദയത്തിൽ നിനക്കുള്ള ആ സ്ഥാനം എപ്പോഴും അവിടെ കാണും’, കിച്ചു സുധി കുറിച്ചു. ചേട്ടന്റെയും അനിയന്റെയും ഈ ആത്മബന്ധം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രങ്ങൾക്ക് താഴെ നിരവധിയാളുകളാണ് റിഥപ്പന് ആശംസകളുമായി രംഗത്തെത്തിയത്.
സമൂഹമാധ്യമങ്ങളിൽ തരംഗമായ കുറിപ്പിന് താഴെ ചലച്ചിത്ര-ടെലിവിഷൻ താരം ബീനാ ആന്റണിയും ആശംസകളുമായെത്തി. ‘റിഥുകുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ. ചേട്ടന്റെ പ്രിയപ്പെട്ട കുഞ്ഞിനെ ഈശ്വരൻ ആവോളം അനുഗ്രഹിക്കട്ടെ,’ എന്ന് ബീന ആന്റണി കുറിച്ചു. ‘ആരൊക്കെ അറുത്തുമാറ്റാൻ ശ്രമിച്ചാലും മാറാത്ത ബന്ധം അവർ തമ്മിൽ ഉണ്ടാകും’ എന്നിങ്ങനെ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തെയും കരുതലിനെയും പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരും കമന്റുകൾ പങ്കുവെക്കുന്നുണ്ട്.



