Cinema

‘അങ്ങനെയെങ്കില്‍ സിനിമ കുറേക്കൂടി നന്നാവുമായിരുന്നു’; ‘പേട്രിയറ്റി’നെക്കുറിച്ച് പൃഥ്വിരാജ്

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതിന്‍റെ പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പേട്രിയറ്റ്. ഇവരെ കൂടാതെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിങ്ങനെ നീളുന്ന താരനിരയും ചിത്രത്തില്‍ ഉണ്ടായിരുന്നു. മഹേഷ് നാരായണന്‍ ആയിരുന്നു സംവിധായകന്‍. എന്നാല്‍ പ്രീ റിലീസ് ഹൈപ്പിന് ഒത്തുള്ള പ്രതികരണമല്ല റിലീസിന് ശേഷം ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

പേട്രിയറ്റിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ- “പേട്രിയറ്റ് വ്യക്തിപരമായി എനിക്ക് വര്‍ക്ക് ആയ സിനിമയാണ്. അത്രയും സമകാലിക പ്രാധാന്യമുള്ള ഒരു വിഷയമാണ് അത് പറഞ്ഞത്. സിനിമകളുടെ കഥകള്‍ അവയുടെ റിലീസിന് മുന്‍പേ ഞാന്‍ അറിയുന്നു എന്നത് ഇപ്പോള്‍ ഒരു മീം പോലെയാണ്. പക്ഷേ പേട്രിയറ്റിന്‍റെ തിരക്കഥ അത് നിര്‍മ്മിക്കപ്പെടുന്നതിന് ഏറെ മുന്‍പേ വായിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു.

മഹേഷ് തന്നെ അതിന്‍റെ കഥ എന്നോട് പറഞ്ഞിരുന്നു. കഥ ആദ്യമായി കേട്ടപ്പോള്‍ത്തന്നെ എനിക്ക് വളരെ ഇഷ്ടമായിരുന്നു അത്. ​ഗംഭീര എഴുത്തായിരുന്നു അതിന്‍റേത്. ശരിയാണ്, അതൊരു പെര്‍ഫെക്റ്റ് ഫിലിം അല്ല. ഒരു സിനിമയും പെര്‍ഫെക്റ്റ് അല്ല. പിന്നീട് സിനിമ കണ്ടപ്പോള്‍ തിരക്കഥയില്‍ ഉള്ളത് പലതും കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്നും വ്യത്യസ്തമാക്കാമായിരുന്നുവെന്നും എനിക്ക് തോന്നി. ഇത്രയും താരഭാരം ഇല്ലായിരുന്നുവെങ്കില്‍ സിനിമ കുറച്ചുകൂടി നന്നാവുമായിരുന്നുവെന്നും തോന്നി.

പക്ഷേ മഹേഷ് നാരായണന്‍ ​ഗംഭീരമാക്കിയിരിക്കുന്ന സീനുകളും നിമിഷങ്ങളും സിനിമയില്‍ ഉണ്ട്. അത്രയും ക്ലാസോടെ മഹേഷ് കൈകാര്യം ചെയ്തിരിക്കുന്ന ചില ഡ്രാമ മൊമെന്‍റുകള്‍ പേട്രിയറ്റിലുണ്ട്. ശരിക്കും ഇന്‍റര്‍നാഷണല്‍ എന്ന് വിളിക്കാവുന്ന നിമിഷങ്ങള്‍ ചിത്രത്തിലുണ്ട്. സിനിമ ശരിക്കും എനിക്ക് വര്‍ക്ക് ആയി. സിനിമയിലെ ചില കാര്യങ്ങള്‍ എനിക്ക് വര്‍ക്ക് ആയിട്ടില്ല. പക്ഷേ ശരിക്കും ആസ്വദിച്ച് കണ്ട സിനിമയാണ് അത്”, പൃഥ്വിരാജിന്‍റെ വാക്കുകള്‍.

അതേസമയം ഐ നോബഡി ആണ് നടന്‍ എന്ന നിലയില്‍ പൃഥ്വിരാജിന്‍റെ അടുത്ത റിലീസ്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്ത് ആണ് നായിക. ജൂലൈ 9 നാണ് ചിത്രത്തിന്‍റെ റിലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button