Cinema

300 കോടിയുടെ ബോളിവുഡ് സോംബി ചിത്രത്തിൽ രൺവീർ സിങ്ങും കല്യാണി പ്രിയദർശനും; ‘പ്രളയ്’ ഉടൻ ആരംഭിക്കും

ആഗോള ബോക്സ് ഓഫീസിൽ 300 കോടി ക്ലബ്ബിലിടം നേടി ചരിത്രം കുറിച്ച ‘ലോക’ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ നടി കല്യാണി പ്രിയദർശനും ബോളിവുഡ് സൂപ്പർസ്റ്റാർ രൺവീർ സിങ്ങും ആദ്യമായി ഒന്നിക്കുന്നു. ‘പ്രളയ്’ എന്ന് പേരിട്ടിരിക്കുന്ന വമ്പൻ ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് ഈ കോമ്പോ കൈകോർക്കുന്നത്. ഏകദേശം 300 കോടി രൂപയുടെ ഭീമമായ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ‘സോംബി ആക്ഷൻ’ജോണറിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഡിസ്റ്റോപ്പിയൻ പശ്ചാത്തലത്തിലുള്ള മുംബൈ നഗരത്തിൽ ഒരു കൂട്ടം സോമ്പികൾക്കിടയിൽ പെട്ടുപോകുന്ന ദമ്പതികളുടെ അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്. പ്രശസ്ത സംവിധായകൻ ഹൻസൽ മേഹ്തയ്ക്കൊപ്പം രൺവീർ സിങ്ങും സമീർ നായരും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രൺവീർ സിങ്ങിന്റെ നിർമ്മാണ പങ്കാളിത്തത്തിലുള്ള ആദ്യ ചിത്രം കൂടിയാണ് ‘പ്രളയ്’. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ഓസ്‌ട്രേലിയയിൽ ആരംഭിക്കും.

അതേസമയം, മലയാളത്തിലെ ആദ്യ 300 കോടി ചിത്രമായി മാറിയ ‘ലോക’യുടെ വൻ വിജയത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. അഞ്ച് ചിത്രങ്ങൾ അടങ്ങുന്ന ഒരു വലിയ സിനിമാ പ്രപഞ്ചമായാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക’ അണിയറയിൽ ഒരുങ്ങുന്നത്. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന രണ്ടാം ഭാഗത്തിൽ ‘ചാത്തൻ’ എന്ന കഥാപാത്രമാകും കേന്ദ്രബിന്ദു. ഒന്നാം ഭാഗത്തിലെന്ന പോലെ ദുൽഖർ സൽമാൻ രണ്ടാം ഭാഗത്തിലും അതിഥി വേഷത്തിൽ എത്തുമെന്നാണ് സൂചനകൾ. ‘ധുരന്ദർ’ എന്ന ചിത്രത്തിലൂടെ തിളങ്ങിനിൽക്കുന്ന രൺവീറും ഇന്ത്യൻ സിനിമയിലെ പുതിയ ലക്കി ചാം ആയ കല്യാണിയും ഒന്നിക്കുന്ന ‘പ്രളയ്’ക്കായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button