വിജയ് പാടിയ ‘ചെല്ല മകളേ’ വീഡിയോ ഗാനം പുറത്ത്; ആവേശത്തിൽ ആരാധകർ

വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായകൻ’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനമായ ‘ചെല്ല മകളേ’ പുറത്തെത്തി. ഗാനത്തിന്റെ ഫിലിം വെർഷനാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വിവേകിന്റെ വരികൾക്ക് അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്നിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നടൻ വിജയ് തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷം സിനിമാ കരിയർ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിലാണ് ‘ജനനായകൻ’ തിയറ്ററുകളിൽ എത്തിയത്. പൊങ്കൽ റിലീസായി പ്രഖ്യാപിച്ചെങ്കിലും സെൻസർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് റിലീസ് നീളുകയായിരുന്നു. ഒടുവിൽ ജൂലൈ 23-നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഈ മാസം 21-ന് ഒടിടി പ്ലാറ്റ്‌ഫോമായ ZEE5 ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു.
വിജയിന്റെ അവസാന ചിത്രം എന്ന ഹൈപ്പിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിന്റെ കണക്കുപ്രകാരം ചിത്രം ആഗോളതലത്തിൽ 324 കോടി രൂപയാണ് ഗ്രോസ് കളക്ഷൻ നേടിയത്. ഇതിൽ ഇന്ത്യയിൽ നിന്ന് 230 കോടിയും വിദേശത്തുനിന്ന് 94 കോടിയും ഉൾപ്പെടുന്നു. റിലീസ് നീണ്ട കാലയളവിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തുവന്നത് ചെറിയ തിരിച്ചടിയായിരുന്നു.



