“‘സിനിമയ്ക്ക് വേണ്ടി തുണി ഉരിയണം’ എന്ന ധാരണ അസംബന്ധം: സദാചാര ആക്രമണങ്ങൾക്ക് എസ്തർ അനിലിന്റെ മറുപടി”

സോഷ്യൽ മീഡിയയിലെ സദാചാര വാദികൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടി എസ്തർ അനിൽ. സിനിമയിൽ അവസരങ്ങൾ ലഭിക്കാനായി നടിമാർ വസ്ത്രത്തിന്റെ അളവ് കുറയ്ക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളെ ‘അസംബന്ധം’ എന്ന് വിളിച്ചാണ് താരം തള്ളിക്കളഞ്ഞത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ബാലതാരമായി എത്തിയ പെൺകുട്ടികൾ വളർന്നു നായികമാരാകുമ്പോൾ അവരെ ഹൈപ്പർ സെക്ഷ്വലൈസ് ചെയ്യുന്ന പ്രവണതയെക്കുറിച്ച് എസ്തർ നേരത്തെ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ താരത്തിന് നേരെ അധിക്ഷേപങ്ങൾ ഉയർന്നത്.
“സിനിമയിൽ അവസരത്തിനായി തുണി ഉരിയുന്നുവെന്ന അസംബന്ധം നമുക്കൊന്ന് അവസാനിപ്പിച്ചുകൂടേ? സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയിൽ നായികമാരായ എത്ര പേരുണ്ടെന്ന് പറഞ്ഞുതരൂ. ഒരാൾ പോലുമില്ല,” എസ്തർ കുറിച്ചു. വസ്ത്രധാരണമോ നഗ്നതാ പ്രദർശനമോ അല്ല, മറിച്ച് കലാകാരന്മാരുടെ കഴിവും മികവുമാണ് മലയാള സിനിമയെ നിലനിർത്തുന്നതെന്നും താരം കൂട്ടിച്ചേർത്തു.
വിമർശകർക്ക് നേരെ ചോദ്യങ്ങൾ ഉന്നയിച്ച താരം, “സഹോദരാ, നിങ്ങൾക്ക് എന്താണ് ഇത്ര പ്രശ്നം? അതോ കൂടുതൽ ഫോളോവേഴ്സിനെ കിട്ടാൻ വേണ്ടിയുള്ള വിലകുറഞ്ഞ പ്രശസ്തിയാണോ ലക്ഷ്യം?” എന്ന് ചോദിക്കാനും മറന്നില്ല. സാധാരണ ഇത്തരം കമന്റുകളോട് പ്രതികരിക്കാറില്ലെങ്കിലും ഇത്തവണ തുറന്നു കാട്ടണമെന്ന് തോന്നിയതുകൊണ്ടാണ് മറുപടി നൽകുന്നതെന്നും എസ്തർ വ്യക്തമാക്കി.
നിലവിൽ മോഹൻലാൽ-ജിത്തു ജോസഫ് ടീമിന്റെ ‘ദൃശ്യം 3’ ആണ് എസ്തറിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും വലിയ ചിത്രം. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന മൂന്നാം ഭാഗം മെയ് 21-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.



