ധനുഷ് ചിത്രം ‘കര’ ഏപ്രിൽ 30-ന് തിയറ്ററുകളിലേക്ക്

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കര ഏപ്രിൽ 30-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. സൂപ്പർ ഹിറ്റ് ചിത്രം പോർ തൊഴിലിന് ശേഷം വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ഈ സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ അയ്യാ അയ്യാ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. സിനിമയുടെ തിയറ്ററിന് ശേഷമുള്ള ഒടിടി അവകാശങ്ങൾ പ്രമുഖ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. സൂര്യ 46, വിജയ് ചിത്രം ജനനായകൻ തുടങ്ങി വൻകിട പ്രോജക്റ്റുകളുടെ ഭാഗമായ മമിതയുടെ തമിഴിലെ കരുത്തുറ്റ സാന്നിധ്യമായി ഈ ചിത്രം മാറും. മമിതയ്ക്ക് പുറമെ മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഐഷാരി കെ. ഗണേഷ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ജി.വി. പ്രകാശ് കുമാറാണ്. തേനി ഈശ്വറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ധനുഷ് തന്നെ സംവിധാനം ചെയ്ത ഇഡ്‌ലി കടൈ എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന സിനിമയാണിത്. നിത്യ മേനൻ നായികയായ ഇഡ്‌ലി കടൈ മികച്ച പ്രതികരണമായിരുന്നു നേടിയത്. വിഘ്‌നേഷ് രാജയുടെ സംവിധാന മികവും ധനുഷിന്റെ അഭിനയ പ്രകടനവും ഒത്തുചേരുമ്പോൾ കര ഒരു മികച്ച സിനിമാനുഭവമാകുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.



