68-ാം പിറന്നാൾ നിറവിൽ സുരേഷ് ഗോപി; ജീവിതയാത്രയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ്

പിറന്നാൾ ദിനത്തിൽ പോസ്റ്റുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ആയിരുന്നു സുരേഷ് ഗോപിയുടെ 68-ാം പിറന്നാൾ. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് അഘോഷിക്കുന്നതിന്റെ ഫോട്ടോയ്ക്കൊപ്പമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ജീവിതമെന്ന മഹായാത്രയിൽ 68 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നുവെന്ന് കുറിച്ച സുരേഷ് ഗോപി, നിങ്ങളുടെ വലിയ സ്നേഹത്തിന് മുന്നിൽ ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു.
ജീവിതമെന്ന മഹായാത്രയിൽ 68 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കടന്നുപോയ വഴികളിലെല്ലാം എന്നെ താങ്ങിനിർത്തിയതും, ഇന്ന് ഞാൻ കാണുന്ന എന്നെ രൂപപ്പെടുത്തിയതും നിങ്ങൾ നൽകിയ സ്നേഹവും ഈശ്വരാനുഗ്രഹവുമാണ്. ഈ യാത്ര ഇനിയും തുടരുകയാണ്—കൂടുതൽ കരുത്തോടെ, കൂടുതൽ ജനങ്ങളിലേക്ക്, കൂടുതൽ നന്മകളിലേക്ക്! നിങ്ങളുടെ ഈ വലിയ സ്നേഹത്തിന് മുന്നിൽ ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു. എല്ലാവർക്കും എൻ്റെ സ്നേഹവും പ്രാർത്ഥനകളും”, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
അതേസമയം, ഒറ്റക്കൊമ്പൻ എന്ന സിനിമയാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായി ആണ് ഒറ്റക്കൊമ്പൻ ഒരുക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. സുരേഷ് ഗോപി എന്ന നടനിൽ നിന്നും താരത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാവിധ മാസ്സ് ഘടകങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.



