ജയസൂര്യയൂടെ ഫാന്റസി ചിത്രം ‘മായൻ’! ആഗസ്റ്റ് 12 ന് ഷൂട്ട് ആരംഭിക്കും

മെഗാസ്റ്റാർ മമ്മൂട്ടിയും വിനായകനും തകർപ്പൻ പ്രകടനം കാഴ്ചവെച്ച സൂപ്പർഹിറ്റ് ചിത്രം ‘കളങ്കാവലി’ന് ശേഷം സംവിധായകൻ ജിതിൻ കെ ജോസ് ഒരുക്കുന്ന പുതിയ ചിത്രം ‘മായൻ – Chapter 1’ ന്റെ ചിത്രീകരണം ഓഗസ്റ്റ് 12-ന് ആരംഭിക്കും. ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
‘ഓർഡിനറി’, ‘അനാർക്കലി’ തുടങ്ങിയ വമ്പൻ ബ്ലോക്ക്ബസ്റ്റർ സിനിമകൾ സമ്മാനിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് റാഫിയും സംവിധായകൻ ജിതിൻ കെ ജോസും ചേർന്നാണ് ഈ സിനിമയ്ക്ക് വേണ്ടി പേന ചലിപ്പിക്കുന്നത്.
മലയാള സാഹിത്യത്തിലും ഐതിഹ്യങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ‘കറുത്തച്ചനൂട്ട്’ എന്ന മിസ്റ്റിക് വിഷയമാണ് ഈ സിനിമയുടെ പശ്ചാത്തലമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്ന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അണിയറപ്രവർത്തകർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിൽ ജയസൂര്യക്കൊപ്പം നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
‘കളങ്കാവൽ’ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അതേ പ്രമുഖ സാങ്കേതിക പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. ഫൈസൽ അലി ക്യാമറയും, മുജീബ് മജീദ് സംഗീതവും, പ്രവീൺ പ്രഭാകർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ലൈൻ പ്രൊഡ്യൂസറായി രോഹിത് ആർ നായരും പ്രൊഡക്ഷൻ കൺട്രോളറായി ദീപക് പരമേശ്വരനും പ്രവർത്തിക്കുന്നു. വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് പിആർഒമാർ.



