News

സുഹൃത്തിന് അവസാന യാത്രാമൊഴി; വികാരാധീനനായി വിജയ്

നടനും സംവിധായകനുമായ ഭാഗ്യരാജിന് അന്തിമോപചാരം അർപ്പിക്കാനെത്തി നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്. ഭാഗ്യരാജിന്റെ വീട്ടിലെത്തിയ താരം മൃതദേഹത്തിന് മുൻപിൽ പുഷ്പഹാരം സമർപ്പിച്ചു. ഭാഗ്യരാജിന്റെ അപ്രതീക്ഷിത വിയോഗത്തിൽ മാനസികമായി തകർന്നുപോയ കുടുംബാംഗങ്ങളെ വിജയ് ചേർത്തു നിറുത്തി ആശ്വസിപ്പിച്ചു.

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖരെല്ലാം ഭാഗ്യരാജിന് അന്തിമോപചാരം അർപ്പിക്കാൻ ചെന്നൈയിലെ വസതിയിൽ എത്തിയിരുന്നു. പാർവതിക്കൊപ്പമാണ് ജയറാം എത്തിയത്. സുഹാസിനി മണിരത്നം, പാർഥിപൻ തുടങ്ങിയവർ ഭാഗ്യരാജിന്റെ വീട്ടിൽ രാവിലെ തന്നെ എത്തിയിരുന്നു. സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും ചലച്ചിത്രലോകത്തിലെ സുഹൃത്തുക്കൾക്കിടയിൽ നിറസാന്നിധ്യമായിരുന്നു ഭാഗ്യരാജ്. ഖുഷ്ബുവിന്റെ മകൾ അവന്തികയുടെ വിവാഹത്തിൽ പങ്കെടുത്ത് കഴിഞ്ഞ ദിവസമാണ് ഗോവയിൽ നിന്ന് ഭാഗ്യരാജ് തിരിച്ചെത്തിയത്.

ശനിയാഴ്ച രാവിലെ പ്രഭാതനടത്തം കഴിഞ്ഞ് മടങ്ങിവരുന്നതിന് ഇടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടനെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 1980 കളിലും 90 കളിലും തമിഴ് സിനിമയിൽ തരംഗം സൃഷ്ടിച്ച കുടുംബചിത്രങ്ങളിലൂടെ ജനപ്രിയനായ ഭാഗ്യരാജ് 75 ലേറെ സിനിമകളിൽ അഭിനയിച്ചു. 25 ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. 1979 ൽ സുവരില്ലാത ചിത്രങ്കൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

‘മൗന ഗീതങ്ങൾ’, ‘അന്ത ഏഴ് നാട്കൾ’, ‘ഡാർലിങ് ഡാർലിങ് ‘, ‘മുന്താണൈ മുടിച്ച്’, ‘ചിന്ന വീട്’, ‘എങ്ക ചിന്ന രാസ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു. അതിൽ പലതിലും അദ്ദേഹം തന്നെയായിരുന്നു നായകൻ. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിദ്ദു പ്ലസ് ടു ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. ട‌െലിവിഷൻ പരമ്പരകളിൽ അഭിനയിച്ച ഭാഗ്യരാജ് സംഗീതസംവിധാകൻ, പിന്നണി ഗായകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button