മൂന്നാമത്തെ കീമോയ്ക്ക് ശേഷം പുതിയ വിശേഷവുമായി രേണു സുധി; ‘ദൈവത്തിന് നന്ദി’

മൂന്നാമത്തെ കീമോതെറാപ്പിക്ക് ശേഷം ആരോഗ്യവിവരവുമായി നടിയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി. ചികിത്സയ്ക്ക് ശേഷം പതിവുപോലെ റീലുമായി എത്തിയ രേണു, പുറത്തേക്കിറങ്ങി കാറ്റുകൊണ്ട സന്തോഷവും ആരാധകരുമായി പങ്കുവച്ചു.
“മൂന്നാമത്തെ കീമോയ്ക്ക് ശേഷം ഇന്നെഴുന്നേറ്റു. പുറത്തെ കാറ്റുകൊണ്ടു, ദൈവത്തിന് നന്ദി” എന്ന കുറിപ്പോടെയാണ് രേണു വീഡിയോ പങ്കുവച്ചത്.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് രേണുവിന് പിന്തുണയും സ്നേഹവും അറിയിച്ച് കമന്റുകളുമായി എത്തിയത്. കുറച്ച് ദിവസങ്ങളായി രേണുവിന്റെ വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിൽ ആശങ്കപ്പെട്ടിരുന്നവർ പുതിയ വീഡിയോ കണ്ടതിലുള്ള സന്തോഷവും പങ്കുവച്ചു.
ചികിത്സയുടെ ഭാഗമായി രേണു മുടി മുറിച്ചിരുന്നു. നീളം കുറഞ്ഞ മുടിക്ക് മുകളിൽ വിഗ് ധരിച്ചാണ് പുതിയ വീഡിയോയിലും രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ പുതിയ രൂപം മകൻ റിതപ്പനെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും രേണു നേരത്തെ പറഞ്ഞിരുന്നു.
മുടിയുള്ള പഴയ ചിത്രങ്ങൾ കാണിച്ച് പഴയതുപോലെ ആകണമെന്ന് മകൻ പറയുമായിരുന്നുവെന്നും അത് കേൾക്കുമ്പോൾ തനിക്ക് വിഷമം തോന്നിയിരുന്നുവെന്നും രേണു പങ്കുവച്ചിരുന്നു.



