Cinema

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍; ആക്ഷന്‍ പറഞ്ഞ് പ്രിയദര്‍ശന്‍

മലയാളികളുടെ പ്രിയ അഭിനേത്രികളില്‍ ഒരാളായ ലിസി നീണ്ട ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍. അതിന് ആക്ഷനും കട്ടും പറയുന്നത് പ്രിയദര്‍ശന്‍ ആണെന്നത് കൗതുകം വര്‍ധിപ്പിക്കുന്നു. ഇരുവര്‍ക്കുമൊപ്പം മകള്‍ കല്യാണിയുമുണ്ട്. എന്നാല്‍ സിനിമയല്ല, ഒരു പരസ്യചിത്രമാണ് ഈ കൂട്ടുകെട്ടില്‍ വരുന്നത്. കല്യാണ്‍ ജ്വല്ലേഴ്സിന് വേണ്ടി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പരസ്യചിത്രത്തിലാണ് ലിസിയും കല്യാണിയും അഭിനയിക്കുന്നത്. ഇവര്‍ക്കൊപ്പം തമിഴ് താരം പ്രഭുവും പരസ്യചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

1988 ൽ പുറത്തിറങ്ങിയ, മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായി മാറിയ ‘ചിത്ര’ത്തിന് ശേഷം ആദ്യമായാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. ലിസിയും കല്യാണിയും പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ അഭിനയിക്കുന്നു എന്നതാവും ഈ പരസ്യചിത്രത്തിന്‍റെ യുഎസ്‍പി. വിവാഹത്തിന് ശേഷം ലിസി അഭിനയജീവിതം അവസാനിപ്പിച്ചിരുന്നു. 1991 ല്‍ പുറത്തിറങ്ങിയ മെയ് ദിനമാണ് മലയാളത്തില്‍ ലിസി അഭിനയിച്ച അവസാന ചിത്രം. എന്നാല്‍ തെലുങ്കില്‍ 2018 ല്‍ പുറത്തിറങ്ങിയ ചല്‍ മോഹന്‍ രംഗ എന്ന ചിത്രത്തില്‍ ലിസി അഭിനയിച്ചിരുന്നു. കൃഷ്ണ ചൈതന്യ ആയിരുന്നു ഈ ചിത്രത്തിന്‍റെ സംവിധാനം.

അതേസമയം ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ മികച്ച വിജയം നേടാനായതിന്‍റെ സന്തോഷത്തിലാണ് പ്രിയദര്‍ശന്‍. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ഭൂത് ബംഗ്ല ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 271 കോടിയാണ് ഇതുവരെ നേടിയത്. പ്രിയദര്‍ശന്‍റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രവും ഇതാണ്. ലോക എന്ന ചിത്രത്തിലൂടെ കല്യാണിയും വമ്പന്‍ കരിയര്‍ ബ്രേക്ക് നേടിയിരുന്നു. അതേസമയം അഭിനയം പരസ്യചിത്രത്തില്‍ ഒതുക്കാതെ ലിസി സിനിമകളിലേക്കും മടങ്ങി എത്തുമോ എന്നതാണ് സിനിമാപ്രേമികളുടെ ആകാംക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button