“തെറ്റുപറ്റി, ഇനി ഒരിക്കലും ചെയ്യില്ല”; നിയമവിരുദ്ധമായി ചെയ്ത ഏക കാര്യം തുറന്നുപറഞ്ഞ് അശ്വന്ത് കോക്ക്

അടുത്തിടെയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് യൂട്യൂബർ അശ്വന്ത് കോക്ക് പോലീസ് കസ്റ്റഡിയിലായത്. കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. കസ്റ്റഡിയിലെടുത്ത അശ്വന്ത് കോക്കിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് 3 വാഹനങ്ങളിൽ ഇടിച്ചെന്നായിരുന്നു പരാതി.
ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അശ്വന്ത്. ജയിലർ 2 ട്രെയിലറിന്റെ റെസ്പോൺസ് വീഡിയോയിലാണ് അശ്വന്ത് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരിച്ചത്. ഇനി താൻ മദ്യപിച്ച് വാഹനമോടിക്കില്ലെന്നും ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതായും അശ്വന്ത് പറയുന്നു. നിയമവിരുദ്ധമായി താൻ ജീവിതത്തിൽ ചെയ്ത ഏക കാര്യം ഇതു മാത്രമാണ് എന്നും അശ്വന്ത് കൂട്ടിച്ചേർത്തു.
”എന്റെ ജയിലർ 2 റിവ്യു വൺ മില്യൺ അടിച്ചിരിക്കും. അത് എന്റെ അഹങ്കാരമല്ല, ആത്മവിശ്വാസമാണ്. കുറേപ്പേർ പറയുന്നത് എന്റെ വീഡിയോ ഇനി കാണേണ്ട, ഞാൻ മോശക്കാരനാണ് എന്ന്. ചെയ്തത് തെറ്റാണ്. അത് അംഗീകരിക്കുന്നു. തെറ്റുകൾ പറ്റും. പെൻസിലിന്റെ പിറകിലെന്തിനാണ് ഇറേസർ. എഴുതുമ്പോൾ തെറ്റും എന്നുറപ്പുള്ളത് കൊണ്ടാണ്. അങ്ങനെ സംഭവിക്കും.
ഞാൻ മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായിരുന്നു. എനിക്കെന്റേതായ കാരണമുണ്ട്. പക്ഷേ, ഇനിയൊരിക്കലും ചെയ്യില്ല. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല. കേരള പൊലീസിന് ഞാനതിന് അവസരം കൊടുക്കില്ല. നിയമവിരുദ്ധമായി ഞാൻ ചെയ്ത ഏക കാര്യം ഇതാണ്. പണ്ട് പബ്ലിക് സ്മോക്കിംഗ് ഉണ്ടായിരുന്നു. ഇന്ന് ഇല്ല. വേറൊന്നും ഞാൻ ചെയ്യാറില്ല. ഇത് എന്നോടുള്ള പ്രോമിസ് ആണ്. വേറെ ആർക്കും വേണ്ടിയല്ല”, എന്നാണ് അശ്വന്ത് കോക്ക് വീഡിയോയിൽ പറയുന്നത്.



