Cinema

‘90കളിലെ വിജയ്‌യെ പോലെയുണ്ട്’; ജേസണെ കണ്ട് ചിരഞ്ജീവിയുടെ ചോദ്യം, അഭിനയിക്കാത്തതെന്തുകൊണ്ട്?’

ഹൈദരാബാദ്: രൂപത്തിലും ഭാവത്തിലും 1990കളുടെ തുടക്കത്തിലെ വിജയ്‌യെ ഓർമിപ്പിക്കുന്നുണ്ടെന്ന് മകൻ ജേസൺ സഞ്ജയോട് മെഗാസ്റ്റാർ ചിരഞ്ജീവി. ജേസൺ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘സിഗ്മ’യുടെ ഹൈദരാബാദ് പ്രമോഷൻ പരിപാടിയിലാണ് ചിരഞ്ജീവിയുടെ പരാമർശം. വേദിയിൽ ജേസണോട് നേരിട്ട് സംസാരിച്ച ചിരഞ്ജീവി, അഭിനയത്തിലേക്ക് വരാതെ എന്തുകൊണ്ടാണ് സംവിധാനത്തിലേക്ക് തിരിഞ്ഞതെന്നും ചോദിച്ചു. എഴുത്തിലും സംവിധാനത്തിലുമാണ് ചെറുപ്പം മുതൽ താൽപര്യമെന്നും അതുകൊണ്ടാണ് ഈ വഴി തിരഞ്ഞെടുത്തതെന്നും ജേസൺ മറുപടി നൽകിയതായി ചിരഞ്ജീവി പറഞ്ഞു.

“ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിക്കാൻ ജേസൺ വന്നപ്പോൾ ഞാൻ അവനോട് പറഞ്ഞു, 1993-95 കാലഘട്ടത്തിൽ നിന്റെ പിതാവ് എങ്ങനെയായിരുന്നുവോ അതുപോലെ തന്നെയാണ് നിന്നെ കാണാൻ. സംവിധാനത്തിന് പകരം എന്തുകൊണ്ട് നിനക്ക് അഭിനയിച്ചുകൂടാ എന്ന് ഞാൻ ചോദിച്ചു. എന്നാൽ എഴുത്തിലും സംവിധാനത്തിലുമാണ് തനിക്ക് പണ്ടുമുതലേ താൽപര്യമെന്നും അതിനാൽ ഈ വഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് അവൻ മറുപടി നൽകിയത്,” ചിരഞ്ജീവി പറഞ്ഞു. ജേസന്റെ സർഗാത്മക കഴിവുകൾക്ക് പിതാവ് വിജയ്‌യേക്കാൾ മുത്തച്ഛൻ എസ്.എ. ചന്ദ്രശേഖറിനും മുത്തശ്ശി ശോഭയ്ക്കുമാണ് ചിരഞ്ജീവി കൂടുതൽ ക്രെഡിറ്റ് നൽകിയത്.

മുത്തച്ഛനിൽ നിന്നും മുത്തശ്ശിയിൽ നിന്നുമാണ് ജേസൺ ഈ കഴിവുകൾ സ്വാംശീകരിച്ചതെന്നാണ് കരുതുന്നതെന്നും ചിരഞ്ജീവി പറഞ്ഞു. എസ്.എ. ചന്ദ്രശേഖർ ചിരഞ്ജീവിയുടെ ‘ചട്ടനികി കല്ലു ലേവു’ (1981), ‘ദേവാന്തകുഡു’ (1984) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെന്നും ശോഭ അവയ്ക്ക് കഥയെഴുതിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. പിതാവും മുത്തച്ഛനും എത്തിയ അതേ ഉയരങ്ങളിൽ ‘സിഗ്മ’യിലൂടെ ജേസണും എത്തട്ടെയെന്നും ചിരഞ്ജീവി ആശംസിച്ചു.

1992ൽ എസ്.എ. ചന്ദ്രശേഖർ സംവിധാനം ചെയ്ത ‘നാളൈയ തീർപ്പ്’ എന്ന ചിത്രത്തിലൂടെയാണ് വിജയ് നായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വിജയ്‌യെ സൂപ്പർതാര പദവിയിലേക്ക് എത്തിക്കുന്നതിൽ നിർണായകമായ ‘സെന്തൂരപാണ്ടി’, ‘രസികൻ’, ‘ദേവ’ തുടങ്ങിയ ചിത്രങ്ങളും എസ്.എ. ചന്ദ്രശേഖർ സംവിധാനം ചെയ്തു. ഇപ്പോൾ വിജയ്‌യുടെ മകൻ അഭിനയത്തിന് പകരം സംവിധാനത്തിലൂടെ സിനിമയിലേക്ക് എത്തുമ്പോൾ, ചിരഞ്ജീവിയുടെ പരാമർശം ‘സിഗ്മ’യുടെ പ്രമോഷനിലും ജേസന്റെ സിനിമാ അരങ്ങേറ്റത്തിലും ശ്രദ്ധ നേടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button