‘മിസ്റ്റർ ഷോഓഫ്’ യഷാണെന്ന് രശ്മിക; വർഷങ്ങൾക്കിപ്പുറം പക്വമായ മറുപടിയുമായി താരം

കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ യഷിനെക്കുറിച്ച് നടി രശ്മിക മന്ദാന വർഷങ്ങൾക്ക് മുൻപ് നടത്തിയ പരാമർശവും അതിന് യഷ് നൽകിയ മറുപടിയും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
ഒരു ടെലിവിഷൻ ഷോയ്ക്കിടെ ‘മിസ്റ്റർ ഷോഓഫ്’ ഏത് നടനാണെന്ന ചോദ്യത്തിന് രശ്മിക യഷിന്റെ പേര് പറഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. രശ്മികയുടെ പരാമർശത്തിന് പിന്നാലെ താരത്തിന് കടുത്ത സൈബർ ആക്രമണവും ആരാധകരുടെ വിമർശനവും നേരിടേണ്ടിവന്നിരുന്നു. പിന്നീട് തന്റെ പരാമർശത്തിൽ വ്യക്തത വരുത്തിയ രശ്മിക മാപ്പ് പറയുകയും ചെയ്തു.
ഇപ്പോഴിതാ ‘ആപ് കി അദാലത്ത്’ എന്ന ടെലിവിഷൻ പരിപാടിയിൽ സംഭവത്തെക്കുറിച്ച് യഷ് നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. എല്ലാവർക്കും സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും ഇത്തരം അഭിപ്രായങ്ങൾ തന്റെ വ്യക്തിത്വത്തെ മാറ്റില്ലെന്നും യഷ് വ്യക്തമാക്കി.
രശ്മിക അന്ന് സിനിമാ മേഖലയിൽ പുതിയ ആളായിരുന്നുവെന്നും ടെലിവിഷൻ പരിപാടികളിൽ ഇത്തരം ചോദ്യങ്ങൾക്ക് പലപ്പോഴും വ്യത്യസ്ത ഓപ്ഷനുകൾ നൽകാറുണ്ടെന്നും യഷ് പറഞ്ഞു. ആ നിമിഷത്തിൽ തോന്നിയതിന്റെ അടിസ്ഥാനത്തിൽ ഒരാളെ തിരഞ്ഞെടുക്കുന്നതാകാം ഇത്തരം മറുപടികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആളുകൾക്ക് തന്നെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാമെന്നും എന്നാൽ അതൊന്നും തന്റെ യഥാർഥ സ്വഭാവത്തെ നിർവചിക്കുന്നതല്ലെന്നും യഷ് വ്യക്തമാക്കി. താരത്തിന്റെ പക്വമായ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.



