‘ബാച്ച്‌ലർ പാർട്ടി Deux’ പുതിയ ഗാനം പുറത്ത്; പാരിസ് ലക്ഷ്മിയുടെ നൃത്തച്ചുവടുകൾ ശ്രദ്ധ നേടുന്നു!

മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രമായ ‘ബാച്ച്‌ലർ പാർട്ടി Deux’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ചിന്തമൂക’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിൽ നഴ്ത്താംഗനയും നടിയുമായ പാരിസ് ലക്ഷ്മിയുടെ മനോഹരവും വശ്യവുമായ നൃത്തച്ചുവടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാനരംഗത്തിലെ പാരിസ് ലക്ഷ്മിയുടെ പ്രകടനം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.
പ്രമുഖ സംഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യർ ഈണമിട്ട ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദാണ്. നേഹ നായറുടെ മധുരശബ്ദത്തിൽ പിറന്ന ഗാനം സംഗീതാസ്വാദകരുടെ മനംകവരുകയാണ്. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായ ഷൈൻ ടോം ചാക്കോ, നസ്‌ലിൻ, ഷറഫുദ്ദീൻ എന്നിവരും ഈ ഗാനരംഗത്തിൽ പ്രത്യേക വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനം റിലീസ് ചെയ്ത് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടാസ്വദിച്ചിരിക്കുന്നത്.
ഒരു സമ്പൂർണ്ണ ഗാങ്സ്റ്റർ ആക്ഷൻ ചിത്രമായാണ് ‘ബാച്ച്‌ലർ പാർട്ടി Deux’ തിയറ്ററുകളിലേക്ക് എത്തുന്നത്. നസ്‌ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ ട്രെയിലറുകളും പ്രൊമോഷണൽ വീഡിയോകളും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
2012-ൽ പുറത്തിറങ്ങി മലയാള സിനിമയിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ച ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടിയുടെ’ രണ്ടാം ഭാഗമായാണ് ഈ ചിത്രം എത്തുന്നത്. കൃത്യം 14 വർഷങ്ങൾക്ക് ശേഷം തികച്ചും ജെൻ-സി വൈബിലും ആധുനിക സാങ്കേതിക തികവിലുമാണ് സംവിധായകൻ അമൽ നീരദ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ പ്രമുഖ ബാനറുകൾ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു. ഉണ്ണി ആറിന്റെതാണ് ചിത്രത്തിന്റെ സംഭാഷണം. നവംബർ 19ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് എത്തും.



