ടൊവിനോ തോമസ് മികച്ച നടൻ, നടിക്കുള്ള പുരസ്‌കാരം പങ്കിട്ട് നസ്രിയയും റിമ കല്ലിങ്കലും

തിരുവനന്തപുരം: 2024ലെ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ ആണ് മികച്ച ചിത്രം. ‘അപ്പുറം’ എന്ന ചിത്രത്തിലൂടെ ഇന്ദുലക്ഷ്‌മി മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘അജയന്റെ രണ്ടാം മോഷണം’, ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. നസ്രിയ നസീം (സൂക്ഷ്‌മദർശിനി), റിമ കല്ലിങ്കൻ (തിയേറ്റർ: മിത്ത് ഒഫ് റിയാലിറ്റി) എന്നിവർ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിടും.
സിനിമയിൽ 40 വർഷം പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്‌സ് ജൂബിലി അവാർഡ് നൽകും. സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പുരസ്‌കാരമായ ചലച്ചിത്രരത്‌നം നിരൂപണ രംഗത്ത് 50 വർഷവും എഴുത്തുജീവിതത്തിൽ 60 വർഷവും പിന്നിടുന്ന വിജയകൃഷ്ണന് സമ്മാനിക്കും. അഭിനയരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട നടി സീമയ്ക്ക് ചലച്ചിത്രപ്രതിഭാ പുരസ്‌കാരവും നൽകും.
നിർമാതാവ് ജൂബിലി ജോയ് തോമസ്, നടൻ ബാബു ആന്റണി, ഛായാഗ്രഹകനും സംവിധായകനുമായ വിപിൻ മോഹൻ, സംഘട്ടന സംവിധായകൻ ത്യാഗരാജൻ മാസ്റ്റർ എന്നിവർക്കും ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിക്കും. കേരളത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണ് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്. 80 ചിത്രങ്ങളാണ് ഇത്തവണ മത്സരിച്ചത്.