സിനിമ ചിത്രീകരണത്തിനിടെ മോശമായി പെരുമാറി നടന്‍ വെളിപ്പെടുത്തലുമായി നടി വിന്‍ സി

ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഒപ്പം അഭിനയിക്കില്ല എന്ന പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി നടി വിന്‍ സി അലോഷ്യസ്. സിനിമ ചിത്രീകരണത്തിനിടെ നടന്‍ തന്നോട് മോശമായി പെരുമാറി. സഹപ്രവര്‍ത്തകര്‍ പറഞ്ഞതിനാലാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഈ നടന്‍ സിനിമ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുണ്ട്. ഇന്‍സ്റ്റാഗ്രാം വിഡിയോയിലൂടെയാണ് നടി വിവരം പങ്കുവച്ചത്.
വെള്ളപൊടി തുപ്പുന്നത് കണ്ടു. ഇതുകൊണ്ടാണ് താന്‍ ലഹരി ഉപയോഗിക്കുന്നവരുടെ കൂടെ അഭിനയിക്കില്ല എന്ന് തീരുമാനിച്ചതെന്നും വിന്‍ സി വ്യക്തമാക്കി. സംവിധായകന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവര്‍ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താന്‍ ആ സെറ്റില്‍ പിന്നീട് തുടര്‍ന്നതെന്നും വിന്‍ സി. പറയുന്നു.
വിന്‍ സിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം:
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലഹരി വിരുദ്ധ ക്യാംപെയിന്‍ മുന്‍നിര്‍ത്തിക്കൊണ്ട് നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാന്‍ ഇനി സിനിമ ചെയ്യില്ലെന്നായിരുന്നു ആ പ്രസ്താവന. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ ആ വാര്‍ത്തകളുടെ കമന്റുകള്‍ വായിച്ചപ്പോഴാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകള്‍ വ്യക്തമാക്കണമെന്നുമുള്ള തോന്നലിന്റെ പുറത്താണ് ഈ വീഡിയോ ചെയ്യുന്നത്.
പലതരം കാഴ്ചപ്പാടാണ് ആളുകള്‍ക്കുള്ളതെന്ന് കമന്റുകള്‍ വായിച്ചപ്പോഴാണ് മനസിലായത്. വ്യക്തമായി അതിന്റെ കാരണം പറഞ്ഞാല്‍ ആളുകള്‍ക്ക് പല കഥകള്‍ ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ. ഞാനൊരു സിനിമയുടെ ഭാഗമായപ്പോള്‍ ആ സിനിമയിലെ പ്രധാന താരത്തില്‍ നിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണം. അയാള്‍ ലഹരി ഉപയോഗിച്ച് മോശമായ രീതിയില്‍ പറഞ്ഞാലും മനസിലാവാത്ത രീതിയില്‍ എന്നോടും എന്റെ സഹപ്രവര്‍ത്തകയോടും പെരുമാറി. എന്റെ ഡ്രസ്സില്‍ ഒരു പ്രശ്‌നം വന്ന് അത് ശരിയാക്കാന്‍ പോയപ്പോള്‍, ‘ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം’ എന്നൊക്കെ എല്ലാവരുടേയും മുന്നില്‍വെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റമുണ്ടായി. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു.