Cinema

‘പേട്രിയറ്റ്’ നാളെ റിലീസ്; ഇൻസ്റ്റാഗ്രാമിൽ ആവേശം വിതറി മമ്മൂട്ടിയും മോഹൻലാലും

മലയാള സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ‘പേട്രിയറ്റ്’ നാളെ ആഗോളതലത്തിൽ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും ഇൻസ്റ്റാഗ്രാം ലൈവിലൂടെ ഒന്നിച്ചെത്തിയത് ആരാധകർക്ക് വലിയ ആവേശമായി. അമേരിക്കയിൽ സ്റ്റേജ് ഷോകളുടെ തിരക്കിലായതിനാൽ മോഹൻലാൽ ന്യൂയോർക്കിൽ നിന്നും മമ്മൂട്ടിയും ചാക്കോച്ചനും കൊച്ചിയിൽ നിന്നുമാണ് ലൈവിൽ പങ്കുചേർന്നത്. മുപ്പത്തിനാലായിരത്തിലധികം പേർ ഒരേസമയം ഈ അപൂർവ്വ സംഗമം തത്സമയം കണ്ടു.

പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണെന്ന് മോഹൻലാൽ സൂചിപ്പിച്ചപ്പോൾ, അത് തന്നെയാണ് തന്റെ ഏറ്റവും വലിയ ടെൻഷനെന്ന് മമ്മൂട്ടി മറുപടി നൽകി. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത സിനിമയാണോ തങ്ങൾ നൽകാൻ പോകുന്നതെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു. സിനിമയുടെ വിജയം നിർമ്മാതാവിന് ലാഭമുണ്ടാക്കണമെന്നും എങ്കിൽ മാത്രമേ ഇത്തരം വലിയ സംരംഭങ്ങൾ ഇനിയും മലയാളത്തിൽ സംഭവിക്കുകയുള്ളൂവെന്നും മമ്മൂട്ടി ഓർമ്മിപ്പിച്ചു. മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

മറ്റ് ഭാഷകളിലെ റിലീസിനെക്കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന്, മറുഭാഷാ പതിപ്പുകളുടെ സെൻസറിംഗ് പൂർത്തിയാകാൻ ഒരാഴ്ച കൂടി എടുത്തേക്കുമെന്ന് മമ്മൂട്ടി വിശദീകരിച്ചു. സിനിമയുടെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അവസാനവട്ട മിനുക്കുപണികളുമായി ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് സംവിധായകനും സഹപ്രവർത്തകരും കടന്നുപോകുന്നത്. സിനിമയുടെ വിജയത്തിലൂടെ ലഭിക്കുന്ന സന്തോഷം കൊണ്ട് എല്ലാവരുടെയും ഉറക്കം നഷ്ടപ്പെടട്ടെ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ ഹൃദ്യമായ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button