Cinema

“കാസ്റ്റിംഗ് കൗച്ചിന്റെ വക്കോളം എത്തി, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു” അനുഭവം പങ്കുവെച്ച് നടി കൃതികാ കമ്ര

ബോളിവുഡിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന നടി കൃതികാ കമ്ര താൻ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. സിനിമാലോകത്തെ മോശം പ്രവണതകളെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നെങ്കിലും കരിയറിന്റെ തുടക്കത്തിൽ സമാനമായ സാഹചര്യത്തിലൂടെ തനിക്കും കടന്നുപോകേണ്ടി വന്നുവെന്ന് താരം വെളിപ്പെടുത്തി.

കാസ്റ്റിങ് കൗച്ചിന്റെ ഭാഗമായുള്ള മോശം സാഹചര്യത്തിന് തൊട്ടരികിൽ വരെ താൻ എത്തിയെന്നും എന്നാൽ പരിക്കുകളൊന്നുമില്ലാതെ അവിടെനിന്ന് രക്ഷപ്പെടാൻ സാധിച്ചെന്നും കൃതിക പറഞ്ഞു. ആ സമയത്ത് താൻ അത്രമാത്രം മിടുക്കിയായതുകൊണ്ടല്ല രക്ഷപ്പെട്ടതെന്നും മറിച്ച് കേവലം ഭാഗ്യം ഒന്നുമാത്രമാണ് തുണച്ചതെന്നും താരം കൂട്ടിച്ചേർത്തു. കരിയറിന്റെ തുടക്കകാലത്ത് വളരെ പ്രായം കുറഞ്ഞ സമയത്തായിരുന്നു ഈ അനുഭവമെന്നും കൃതിക ഓർത്തെടുത്തു.

സിനിമയിലുള്ളവർ ടെലിവിഷൻ താരങ്ങളെ താഴ്ന്നവരായി കാണുന്ന പ്രവണതയെക്കുറിച്ചും കൃതിക അഭിമുഖത്തിൽ സംസാരിച്ചു. സീരിയലുകളിൽ നിന്നുള്ളവർ എന്ന നിലയിൽ നേരിടേണ്ടി വരുന്ന വേർതിരിവ് താൻ അനുഭവിച്ചിട്ടുണ്ട്. എന്നാൽ തന്റെ കാഴ്ചപ്പാടിൽ സിനിമയും സീരിയലും തമ്മിൽ വ്യത്യാസമില്ലെന്നും സന്തോഷത്തോടെയാണ് താൻ ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ചതെന്നും അവർ വ്യക്തമാക്കി.

സ്ത്രീകഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിക്കുന്ന രീതിയെക്കുറിച്ച് താൻ വളരെയധികം ബോധവതിയാണെന്നും കൃതിക പറഞ്ഞു. തന്നെ ഒരു ഫെമിനിസ്റ്റായി അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്ന താരം, പിന്തിരിപ്പൻ ആശയങ്ങളെ മഹത്വവത്കരിക്കുന്ന ‘അടുക്കള നാടക’ങ്ങളിൽ നിന്നും ഷോകളിൽ നിന്നും ബോധപൂർവ്വം വിട്ടുനിൽക്കാറുണ്ടെന്നും പുരോഗമനപരമായ നിലപാടുകളുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button