681 കോടിയുടെ ആസ്തിയെന്ന് റിപ്പോർട്ടുകൾ; ആഡംബര വസതികളുമായി സൂര്യ-ജ്യോതിക ദമ്പതികളുടെ ജീവിതം!

ദക്ഷിണേന്ത്യൻ സിനിമാലോകത്തെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും സംയുക്ത ആസ്തി 681 കോടി രൂപയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. അടുത്തിടെ തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ 20-ാം വാർഷിക വേളയിൽ സ്കോട്ട്ലൻഡിലെ പള്ളിയിൽവെച്ച് ഇവർ ഈ വിശേഷദിവസം ആഘോഷിച്ചിരുന്നു. ചടങ്ങിൽ മക്കളായ ദിയ, ദേവ് എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
വലിയ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളാണ് ഈ താരദമ്പതികൾക്കുള്ളത്. മുംബൈയിലേക്ക് മാറുന്നതിന് മുൻപ് ചെന്നൈ ടി. നഗറിന് സമീപമുള്ള ആഡംബര ബംഗ്ലാവിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഏകദേശം 200 കോടി രൂപ വിലമതിക്കുന്നതാണ് ഈ വസ്തു. നിലവിൽ മുംബൈയിൽ മക്കളോടൊപ്പം താമസിക്കുന്ന ആഡംബര അപ്പാർട്ട്മെന്റിന് 70 കോടി രൂപയാണ് വില കണക്കാക്കുന്നത്. കൂടാതെ, ബിഎംഡബ്ല്യു, ഓഡി, മെഴ്സിഡസ് ബെൻസ്, ജാഗ്വാർ, റേഞ്ച് റോവർ വോഗ് തുടങ്ങി കോടികൾ വിലമതിക്കുന്ന ആഡംബര കാറുകളുടെ വലിയൊരു ശേഖരവും ഇവരുടെ ഗാരേജിലുണ്ട്.
1999-ൽ പുറത്തിറങ്ങിയ ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയും, 2006 സെപ്റ്റംബർ 11-ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. അഭിനയത്തിന് പുറമേ, 2013-ൽ ‘2ഡി എന്റർടൈൻമെന്റ്’ എന്ന നിർമ്മാണ കമ്പനിയും ഇവർ ആരംഭിച്ചു. ‘ജയ് ഭീം’, ’24’, ‘കടൈക്കുട്ടി സിംഗം’ തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ ഈ ബാനറിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
സിനിമാഭിനയവും വിജയകരമായ വ്യവസായ സംരംഭങ്ങളും വഴി വലിയൊരു സാമ്പത്തിക സാമ്രാജ്യമാണ് സൂര്യയും ജ്യോതികയും കെട്ടിപ്പടുത്തിട്ടുള്ളത്. ദക്ഷിണേന്ത്യൻ സിനിമയിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഇരുവരും ബിസിനസിലും മികച്ച പങ്കാളിത്തം പുലർത്തുന്നുണ്ട്. കുടുംബജീവിതത്തിലും സിനിമാരംഗത്തും ഒരുപോലെ വിജയം കൈവരിച്ച ഈ ജോഡി ഇൻഡസ്ട്രിയിലെ മാതൃകാദമ്പതികളായിട്ടാണ് അറിയപ്പെടുന്നത്.



