മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് പുതിയ സർവേ രാഷ്ട്രീയം; വി ഡി സതീശനെ ചുറ്റി കോൺഗ്രസിൽ ചർച്ചകൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുൻപായി കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രിസ്ഥാന ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാൻ ചില സംഘടിത നീക്കങ്ങൾ വീണ്ടും സജീവമായതായി രാഷ്ട്രീയ വൃത്തങ്ങളിൽ വിലയിരുത്തൽ ശക്തമാകുന്നു.
“ELECTION VDS 2026” എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നേരത്തെ തന്നെ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി ഇപ്പോൾ ചില പ്രമുഖ ദൃശ്യ മാധ്യമങ്ങളെയും ഒരു ദേശീയ മാധ്യമത്തെയും കൂട്ടുപിടിച്ച് പുതിയ സർവേ റിപ്പോർട്ടുകൾ പുറത്തുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന.
യുഡിഎഫിന് അനുകൂലമായ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ, “മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യൻ ആര്?” എന്ന സാങ്കൽപ്പിക ചോദ്യമുയർത്തി വി ഡി സതീശന് അനുകൂലമായ ശതമാന കണക്കുകൾ പ്രചരിപ്പിക്കാനാണ് ശ്രമമെന്നാണ് ആരോപണം.
മീഡിയ വൺ ഉൾപ്പെടെ മൂന്ന് പ്രമുഖ ചാനലുകളും ഒരു ദേശീയ മാധ്യമവും ഈ നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണം കോൺഗ്രസ് വൃത്തങ്ങളിൽ തന്നെ ചർച്ചയാകുന്നു. സോഷ്യൽ മീഡിയ ട്രെൻഡുകളിൽ നിന്ന് ചാനൽ സർവേകളിലേക്ക് നീങ്ങുന്ന ഈ രാഷ്ട്രീയ നീക്കം പൊതുധാരണയെ സ്വാധീനിക്കാനാണെന്നാണ് വിമർശകർ പറയുന്നത്.
കോൺഗ്രസിന്റെ പതിവ് രീതി പ്രകാരം തിരഞ്ഞെടുപ്പിന് ശേഷം പാർലമെന്ററി പാർട്ടി യോഗത്തിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കുന്ന നേതാവിനെ ഹൈക്കമാൻഡിന്റെ അംഗീകാരത്തോടെ മുഖ്യമന്ത്രിയാക്കുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന സംസ്കാരം കോൺഗ്രസിനില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഒരു ഡി.സി.സി അധ്യക്ഷൻ പോലും ആകാതെ നേരിട്ട് പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയ ഒരാളെ മുഖ്യമന്ത്രി മുഖമായി അവതരിപ്പിക്കാൻ നടത്തുന്ന പി.ആർ പ്രവർത്തനങ്ങൾ പാർട്ടി പ്രവർത്തകരിൽ തന്നെ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്നെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അതിന്റെ രാഷ്ട്രീയ പ്രതിഫലം എന്താകുമെന്ന് തനിക്ക് അറിയാമെന്ന് വി ഡി സതീശൻ തന്നെ മുമ്പ് പറഞ്ഞിരുന്നു.
“CM 2026” എന്ന സൈബർ പ്രചാരണം യാഥാർത്ഥ്യ രാഷ്ട്രീയത്തെ മാറ്റില്ലെന്നും, ജനപിന്തുണയും പാർട്ടിയുടെ ആഭ്യന്തര അംഗീകാരവുമാണ് അവസാന തീരുമാനം നിർണയിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.



