News
അമിതാഭ് ബച്ചന്റെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി; ഒരു മാസത്തിനിടെ നാലാം തവണ, മുംബൈയിൽ ജാഗ്രത

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി ലഭിച്ചു. രാവിലെ പത്തരയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളോടുകൂടിയ ഇ-മെയിൽ സന്ദേശമായാണ് ഭീഷണി ലഭിച്ചത്. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
മുംബൈ മഹാലക്ഷ്മി റേസ് കോഴ്സിലും മെട്രോ സ്റ്റേഷനുകളിലും ബോംബ് സ്ഫോടനമുണ്ടാകുമെന്നും സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് അമിതാഭ് ബച്ചന്റെ വസതിക്ക് നേരെ ഭീഷണി എത്തുന്നത്. മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ഒരു മാസത്തിനുള്ളിൽ നഗരത്തിൽ സ്ഫോടന പരമ്പരയുണ്ടാകുമെന്നും ഇ-മെയിലിൽ മുന്നറിയിപ്പുണ്ട്. എന്നാൽ ഇത് വ്യാജ ഭീഷണി സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.



