Cinema

‘ദൃശ്യം’ പകർപ്പവകാശ കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി; ഹർജി തള്ളി, തിരക്കഥകൾ വ്യത്യസ്തമെന്ന് നിരീക്ഷണം

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ സിനിമയ്‌ക്കെതിരായ പകർപ്പവകാശ ലംഘന ഹർജി കേരള ഹൈക്കോടതി തള്ളി. 2009ൽ താൻ തയ്യാറാക്കിയ ‘ഒരു മഴക്കാലത്ത്’ എന്ന തിരക്കഥയിലെ ഗണ്യമായ ഭാഗങ്ങൾ പകർത്തിയാണ് ‘ദൃശ്യം’ ഒരുക്കിയതെന്നാരോപിച്ച് കോതമംഗലം സ്വദേശി ഡോ. സതീഷ് പോൾ നൽകിയ അപ്പീലാണ് ജസ്റ്റിസ് ടി.ആർ. രവി തള്ളിയത്. 2015ൽ എറണാകുളം അഡീഷണൽ ജില്ലാ കോടതി ഹർജി തള്ളിയിരുന്നു.

ഇരുതിരക്കഥകളും തമ്മിലുള്ള വ്യത്യാസങ്ങൾ പ്രകടമാണെന്നും ആശയത്തിലും കഥാതന്തുവിലും സാമ്യമുണ്ടെന്ന കാരണത്താൽ മാത്രം പകർപ്പവകാശ ലംഘനമായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പീൽ തള്ളിയത്.

തിരക്കഥയുമായി ബന്ധപ്പെട്ട് ‘ദൃശ്യം’ സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചിരുന്നുവെന്നും 2013 മേയിൽ തന്റെ തിരക്കഥ പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നുവെന്നുമാണ് ഹർജിക്കാരന്റെ വാദം. എന്നാൽ, ഈ വാദങ്ങൾ പരിഗണിച്ച ശേഷവും കീഴ്ക്കോടതിയുടെ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button