ഡേറ്റിംഗിനൊപ്പം ഗർഭധാരണവും; ജീവിതം നിയന്ത്രിക്കപ്പെടുന്ന പാവയെപ്പോലെ തോന്നി, മനസ്സ് തുറന്ന് അമല പോൾ

ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളെക്കുറിച്ചും ദാമ്പത്യ-മാതൃത്വ അനുഭവങ്ങളെക്കുറിച്ചും മനസ്സുതുറന്ന് നടി അമല പോൾ. മുൻകാല അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാനാണ് താൻ ഇപ്പോൾ ശ്രമിക്കുന്നതെന്ന് ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കി. മുൻപ് ജീവിതത്തിൽ അരാജകത്വം നിറഞ്ഞ ഒരു ‘റിബൽ ഏജ്’ ഉണ്ടായിരുന്നെന്നും, കാര്യങ്ങളിൽ തന്നെ തങ്ങിനിന്ന് സ്വയം കുറ്റപ്പെടുത്തുന്ന സ്വഭാവമുണ്ടായിരുന്നെന്നും അമല ഓർത്തെടുത്തു. എന്നാൽ ഇപ്പോൾ തന്റെ ശീലങ്ങളും റിലേഷൻഷിപ്പ് പാറ്റേണുകളും തിരിച്ചറിഞ്ഞ്, പക്വതയോടെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്.
വിവാഹവും കുഞ്ഞുണ്ടാകുന്നതുമൊന്നും താൻ മുൻകൂട്ടി പ്ലാൻ ചെയ്ത കാര്യങ്ങളായിരുന്നില്ലെന്ന് അമല പോൾ പറയുന്നു. ഒരു അവധിക്കാല യാത്രയ്ക്കായി ഗോവയിൽ എത്തിയപ്പോഴാണ് ഭർത്താവ് ജഗത് ദേശായിയെ കണ്ടുമുട്ടുന്നത്. ബന്ധം ദൃഢമാകുന്നതിന് മുൻപ് തന്നെ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഡേറ്റിംഗും പ്രഗ്നൻസിയുമെല്ലാം ഒന്നിച്ച് നടന്നതുപോലെയായിരുന്നു. ആരോ ചരടുകൾ വലിക്കുന്ന ഒരു പാവയെപ്പോലെ ജീവിതം മുന്നോട്ട് പോയ ആ അപ്രതീക്ഷിത സാഹചര്യങ്ങളെ ഉൾക്കൊള്ളാനും അതിനൊപ്പം സഞ്ചരിക്കാനുമാണ് താൻ ശ്രമിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
മകന്റെ വരവോടെ ജീവിതം പൂർണ്ണമായും മാറിമറിഞ്ഞതായും അമല പങ്കുവെച്ചു. ഡയപ്പറുകളും ഉറക്കമില്ലാത്ത രാത്രികളും കൊഞ്ചലുകളും നിറഞ്ഞ തികച്ചും പുതിയൊരു ലോകമാണിപ്പോൾ. മാതൃത്വം എന്നത് ജീവിതത്തിന്റെ ഒരു പാഠശാലയാണെന്നും, അത് നമ്മളെ എപ്പോഴും ഉണർത്തിനിർത്തുമെന്നും താരം പറയുന്നു. സിംഗിളായി ഇരിക്കുന്നവർ എന്നും ഒരു വെക്കേഷനിലാണെന്നും, തനിക്കിപ്പോൾ ബോറടിക്കാൻ പോലും സമയമില്ലാത്ത അവസ്ഥയാണെന്നും അമല തമാശരൂപേണ വ്യക്തമാക്കി.
ജഗത്തിനൊപ്പമുള്ള ജീവിതത്തിലും മുൻകാലങ്ങളിലേതുപോലുള്ള ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, ഇരുവരും ചേർന്ന് അതിനൊരു പരിഹാരം കണ്ടെത്താൻ ശ്രമിക്കാറുണ്ടെന്ന് അമല പറഞ്ഞു. വഴക്കുകൾ ഉണ്ടാകുമ്പോൾ ജഗത്താണ് കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്ത് സമാധാനത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അടുത്തിടെയായി താനും വിട്ടുവീഴ്ചകൾ ചെയ്യാൻ തുടങ്ങിയെന്നും, നിസ്സാര കാര്യങ്ങൾക്ക് പിണങ്ങി സമയം കളയുന്നതിൽ അർത്ഥമില്ലെന്ന് തിരിച്ചറിഞ്ഞതായും അമല വ്യക്തമാക്കി.
പങ്കാളിയെ ഒരു ബെസ്റ്റ് ഫ്രണ്ടായി കാണുമ്പോഴാണ് ദാമ്പത്യബന്ധം കൂടുതൽ ലളിതവും സമാധാനപരവുമാകുന്നതെന്നാണ് അമല പോളിന്റെ പുതിയ കാഴ്ചപ്പാട്. അടുത്ത സുഹൃത്തുക്കൾ എന്തെങ്കിലും തെറ്റ് ചെയ്താൽ നമ്മൾ അത് സാരമില്ലെന്ന് കരുതി വിട്ടുകളയുന്നത് പോലെ, പങ്കാളിയുടെ കാര്യത്തിലും ആ സമീപനം സ്വീകരിക്കണം. വേഗത്തിൽ മുന്നോട്ട് പോകാൻ കഴിയാതിരുന്ന തന്റെ പഴയ സ്വഭാവത്തിൽ നിന്ന് മാറി, ഇപ്പോൾ കാര്യങ്ങളെ പോസിറ്റീവായി കണ്ട് മുന്നോട്ട് പോകാൻ പഠിക്കുകയാണെന്നും അമല പോൾ കൂട്ടിച്ചേർത്തു.



