ബേബി ജീൻ നായകനാകുന്നു; പുതിയ ചിത്രം ‘അക്ഷരപ്രതി’യുടെ ചിത്രീകരണത്തിന് തുടക്കം

ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സിനിമാ കമ്പനിയുടെ പുതിയ ചിത്രമായ ‘അക്ഷരപ്രതി’യുടെ പൂജാ ചടങ്ങുകൾ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്നു. സംവിധായകൻ ജീത്തു ജോസഫിന്റെ മുൻ അസിസ്റ്റന്റായ രേഷ്മ ശിവകുമാർ ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന ചിത്രത്തിൽ ബേബി ജീൻ ആണ് നായകൻ. ബേബി ജീനിന്റെ ആദ്യ നായകവേഷമാണിത്. ജീത്തു ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ഗോപിക രമേഷ്, ഗ്രേസ് ആന്റണി എന്നിവരുൾപ്പെടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും സന്നിഹിതരായിരുന്നു. രേഷ്മ ശിവകുമാറും അരുൺ സി.എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും.
ബേബി ജീൻ, ഗോപിക രമേഷ്, ഗ്രേസ് ആന്റണി എന്നിവർക്കൊപ്പം മഞ്ജു പിള്ളൈ, ലെന, ശരത് സഭ, ചന്ദു സാലിംകുമാർ, ഷാൻ റഹ്മാൻ, ശ്രീരേഖ രാജഗോപാൽ, നന്ദന, അൽത്താഫ് സലിം, സുധി കോഴിക്കോട്, അനാർക്കലി മരിക്കാർ, ശിവ ഹരിഹരൻ, ശിവ കുമാർ, ഷഫ്ന നിസാം, ഗംഗ മീര എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ഇന്ത്യൻ സിനിമാ കമ്പനിയുടെ അഞ്ചാമത്തെ നിർമ്മാണ സംരംഭമാണിത്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മൂന്ന് നവാഗത സംവിധായകരുടെ ചിത്രങ്ങൾക്കാണ് കമ്പനി തുടക്കമിട്ടത്. ഷറഫുദ്ദീൻ നായകനാകുന്ന ഫാമിലി എന്റർടെയിനർ ചിത്രം സംവിധാനം ചെയ്യുന്നത് ജിതേഷ് എസ്. റാം ആണ്. ഗിരീഷ് എ.ഡിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന രോഹിത് ചന്ദ്രശേഖർ ഒരുക്കുന്ന പ്രൊഡക്ഷൻ നമ്പർ 4-ന്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായി. പുതുമുഖങ്ങളെ അണിനിരത്തിയുള്ള പ്രണയകഥയാണിത്, കിരൺ കെ.എസ് ആണ് തിരക്കഥ. ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ നിർമ്മിച്ചുകൊണ്ടാണ് കമ്പനി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ‘അക്ഷരപ്രതി’യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പറശ്ശിനിയാണ്. ജിതേഷ് മംഗലപ്പിള്ളി ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും എം. ബാവ കലാസംവിധാനവും സമീറ സനീഷ് കോസ്റ്റ്യൂമും നിർവ്വഹിക്കുന്നു. രംഗനാഥ് രവി സൗണ്ട് ഡിസൈനും ഷിബു ജി. സുസീലൻ പ്രൊഡക്ഷൻ കൺട്രോളറും പ്രകാശ് കെ. മധു, സോണി ജി. സോളമൻ എന്നിവർ ചീഫ് അസോസിയേറ്റ്സായും പ്രവർത്തിക്കുന്നു. ആർ.ജെ. വയനാട് മേക്കപ്പും വിവേക് അനിരുദ്ധ് കാസ്റ്റിംഗ് ഡയറക്ടറുമാണ്. ഷൺമുഖ പാണ്ഡ്യൻ എം കളറിസ്റ്റായ ചിത്രത്തിന്റെ ഡി.ഐ ഇന്ത്യൻ സിനിമാ കമ്പനിയും വി.എഫ്.എക്സ് ഡിജിബ്രിക്സും പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റും നിർവ്വഹിക്കുന്നു. വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് പി.ആർ.ഒ.



