പ്രേക്ഷകഹൃദയം കീഴടക്കി ‘ആകാശംലോ ഒക താര’; തിയേറ്ററുകളിൽ ആവേശത്തിര!

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക താര’യ്ക്ക് (ആകാശത്തിൽ ഒരു താരകം) തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നു. പ്രണയത്തിന്റെയും പ്രതീക്ഷയുടെയും വൈകാരികതയുടെയും ലോകമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിച്ച ചിത്രം ആഗോളതലത്തിൽ പ്രദർശനം തുടരുകയാണ്. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ്.
സ്വന്തം സ്വപ്നങ്ങൾക്ക് മുന്നിൽ സമൂഹം തീർക്കുന്ന അതിർവരമ്പുകൾ മറികടക്കാൻ ആഗ്രഹിക്കുന്ന കല്പനയുടെയും അവളുടെ യാത്രയിൽ താങ്ങും തണലുമായി കൂടെ നിൽക്കുന്ന കൃഷ്ണയുടെയും കഥയാണ് ചിത്രം പറയുന്നത്. സ്വപ്നങ്ങളുടെ പ്രാധാന്യവും അവ നേടിയെടുക്കാനുള്ള പോരാട്ടവും സ്നേഹത്തിന്റെയും പിന്തുണയുടെയും കരുത്തും പ്രമേയത്തിൽ ഇഴചേർന്നിരിക്കുന്നു. വെറുമൊരു പ്രണയകഥ എന്നതിലുപരി പ്രേക്ഷകരിൽ പ്രതീക്ഷയും പ്രചോദനവും നിറയ്ക്കുന്ന വൈകാരികമായ സിനിമാനുഭവമാണ് ചിത്രം നൽകുന്നത്.
കൃഷ്ണയായി ദുൽഖർ സൽമാൻ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ, കല്പനയായി എത്തിയ പുതുമുഖം സാത്വിക വീരവല്ലിയുടെ പ്രകടനവും ഏറെ ശ്രദ്ധേയമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിന്റെ പ്രധാന കരുത്താണ്. ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന രോഹിണി എന്ന കഥാപാത്രവും കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നു. റൂഹാനി ശർമ്മ, മുരളി ശർമ്മ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
പവൻ സാദിനേനിയുടെ മേക്കിംഗ് മികവും ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയുടെ വൈകാരികതയ്ക്ക് കരുത്തേകുന്നു. ദുൽഖറിന്റെയും സാത്വികയുടെയും പ്രകടനങ്ങൾ, സംഗീതം, അവതരണം എന്നിവയ്ക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രശംസയാണ് ലഭിക്കുന്നത്.



