Cinema

1,604 കോടി കളക്ഷനുമായി ‘രാമായണം’ കുതിപ്പ്; ബോക്സ് ഓഫീസിൽ എതിരാളികളെ വിറപ്പിച്ച് ബ്രഹ്‌മാണ്ഡ ചിത്രം!

നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ ആഗോള ബോക്സ് ഓഫീസിൽ ചരിത്രനേട്ടം കുറിച്ച് മുന്നേറുന്നു. പ്രദർശനത്തിനെത്തി 16 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 1,604 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതാദേവിയായും യഷ് രാവണനായും എത്തുന്ന ചിത്രം, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരനിരയെയും സാങ്കേതിക മികവിനെയും ഒന്നിപ്പിക്കുന്ന ദൃശ്യവിസ്മയമായാണ് വിലയിരുത്തപ്പെടുന്നത്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം സോണി പിക്ചേഴ്സും ഉത്തരേന്ത്യൻ വിതരണം ധർമ്മ പ്രൊഡക്ഷൻസുമാണ് നിർവഹിക്കുന്നത്.

ധർമ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനെ രൺബീർ കപൂർ അവതരിപ്പിക്കുമ്പോൾ, ലാളിത്യവും കരുത്തും അനുകമ്പയും ഒത്തിണങ്ങിയ സീതാദേവിയായി സായ് പല്ലവി തിളങ്ങുന്നു. നിർമ്മാണ പങ്കാളിയായ പാൻ-ഇന്ത്യൻ സൂപ്പർ താരം യഷ്, ശക്തനും അജയ്യനുമായ പ്രതിനായകൻ രാവണനായി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതും, പഴയ ടെലിവിഷൻ രാമായണ പരമ്പരയിലൂടെ ശ്രീരാമനായി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതകളാണ്. ലക്ഷ്മണനായി രവി ദുബെ, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവ്, ഇന്ദ്രദേവനായി കുനാൽ കപൂർ, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ദംഗൽ’ എന്ന ചിത്രത്തിലൂടെ ആഗോളതലത്തിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ച നിതേഷ് തിവാരി, ഇന്ത്യൻ സംസ്കാരത്തിലും വൈകാരികതയിലും വേരൂന്നിയ കഥപറച്ചിലിലൂടെയാണ് ഈ ഇതിഹാസം ഒരുക്കിയിരിക്കുന്നത്. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്ന അപൂർവ്വതയും ഈ ചിത്രത്തിനുണ്ട്. ശ്രീധർ രാഘവനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഡി.എൻ.ഇ.ജി ഒരുക്കിയ വി.എഫ്.എക്സ് ദൃശ്യങ്ങൾ ചിത്രത്തിന് അന്താരാഷ്ട്ര നിലവാരം നൽകുന്നു. “രാമായണം കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യ”മെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര വ്യക്തമാക്കി. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. (പി.ആർ.ഒ: ആതിര ദിൽജിത്ത്).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button