Cinema

രാമനെ മാറ്റിനിർത്തി രാവണനെ ഹീറോയാക്കി;‘രാമായണ’ത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്

നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ: പാർട്ട് 1’നെതിരെ രൂക്ഷ വിമർശനവുമായി നടൻ നിതീഷ് ഭരദ്വാജ്. ചിത്രം കണ്ടതിന് ശേഷം കടുത്ത നിരാശയാണ് തോന്നിയതെന്നാണ് നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സിനിമയിൽ രാവണനെ മഹത്വവത്കരിക്കുകയാണ് ചെയ്തതെന്നും നിതീഷ് ആരോപിക്കുന്നു.

രാമായണം വെറുമൊരു കഥയല്ല. സനാതന ഭാരതത്തിന്റെ നാഗരികതയും ആത്മീയവുമായ ബോധമണ്ഡലത്തിൽ അത് ആഴത്തിൽ വേരൂന്നിയതാണ്. ഈ ഇതിഹാസ കാവ്യത്തിന്റെ മൂല്യങ്ങളിലും സന്ദേശങ്ങളിലും ഇതിലെ നായകന്മാരും നായികയും പ്രതിനായകനും അവിഭാജ്യ ഘടകങ്ങളാണ്.ഇവരുടെ കഥാപാത്രസവിശേഷതകളെയും പ്രാധാന്യത്തെയും അത്ര ലഘുവായി പുനർനിർവചിക്കാൻ കഴിയില്ല. ധർമ്മവും പരമ്പരയും സംരക്ഷിക്കുന്നതിനും മര്യാദ സ്ഥാപിക്കുന്നതിനുമാണ് മഹാവിഷ്ണു രാമാവതാരം എടുത്തത്.

രാവണനെ അങ്ങേയറ്റം ഉദാരമനസ്കനും സാമൂഹികനീതി പുലർത്തുന്നവനും നിഷ്പക്ഷനുമായ ഒരു വ്യക്തിയായി ചിത്രീകരിക്കുന്നതിലൂടെ ഈ ചിത്രം രാമായണത്തിന്റെ ധാർമ്മിക ചട്ടക്കൂടിനെ തിരുത്തിയെഴുതുകയും അവതാരലക്ഷ്യത്തെത്തന്നെ ചോദ്യം ചെയ്യുകയുമാണ് എന്നാണ് എന്റെ നിരീക്ഷണത്തിൽ തോന്നുന്നത്.പ്രസ്തുത ചിത്രത്തെക്കുറിച്ചുള്ള എന്റെ മുൻപത്തെ കുറിപ്പ് ഞാൻ പിൻവലിക്കുന്നു. ഇതിനെക്കുറിച്ച് നല്ലൊരു വാക്ക് പോലും പറയാൻ എനിക്ക് കഴിയുന്നില്ല. അത്രയേറെ വിഷമവും നിരാശയുമാണ് എനിക്കുള്ളത്.

വിഎഫ്എക്സിന്റെ ദൃശ്യവിസ്മയങ്ങൾക്കൊന്നും ഒരിക്കലും ഈ മഹാകാവ്യത്തിന്റെ കാതലായ മൂല്യങ്ങൾക്കോ ദാർശനികമായ ആഴത്തിനോ ആത്മീയ സത്തയ്ക്കോ പകരമാകാൻ കഴിയില്ല. ഭാരതത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും കാതലായ ആത്മീയ മൂല്യങ്ങളെയും തെറ്റായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിന് എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ സിനിമയെ അന്താരാഷ്ട്രതലത്തിൽ പ്രതിനിധീകരിക്കാനുള്ള യാതൊരു അർഹതയുമില്ല.

രാവണൻ ബലപ്രയോഗത്തിലൂടെ സീതയെ കീഴപ്പെടുത്തുന്നത് ചിത്രത്തിൽ കാണിക്കാൻ അവർ തയ്യാറായില്ല. സിനിമയിൽ രാവണനെ സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നവനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ദ്രൻ രാവണനെ പരാജയപ്പെടുത്തു ബന്ധനസ്ഥനാക്കിയിരുന്നു. പിന്നീട് രാവണപുത്രനായ മേഘനാദനാണ് ഇന്ദ്രനെ തോൽപ്പിച്ച് പിതാവിനെ മോചിപ്പിച്ചത്.

എന്നാൽ ഈ ചിത്രത്തിൽ രാവണനെ ഏറ്റവും വലിയ പോരാളിയായി കാണിക്കാൻ ഇന്ദ്രനെ രാവണൻ പരാജയപ്പെടുത്തിയതായി അവതരിപ്പിക്കുന്നു. രാമന്റെ മൂല്യങ്ങളോ അയോദ്ധ്യയോ ഒട്ടും തന്നെ സിനിമയിൽ പരിഗണിച്ചിട്ടില്ല. പകരം ലങ്കയിലെ അർത്ഥശൂന്യമായ ആഘോഷങ്ങളും മറ്റുമാണ് പ്രധാനമായി കാണിച്ചിരിക്കുന്നത്’ – നിതീഷ് ഭരദ്വാജ് കുറിച്ചു.ബി ആർ ചോപ്രയുടെ വിഖ്യാതമായ ‘മഹാഭാരത്’ പരമ്പരയിൽ ശ്രീകൃഷ്ണനാപം ‘രാമായൺ’ എന്ന പരമ്പരയിൽ ശ്രീരാമനായും വേഷമിട്ടയാളാണ് നിതീഷ് ഭരദ്വാജ്. ‘ഞാൻ ഗന്ധർവൻ’ എന്ന പദ്മരാജൻ ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയങ്കരനായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button