61-ാം വയസിലും യുവത്വം കാത്ത് ആമിർ ഖാൻ; പുതിയ ലുക്കിന് കൈയടിച്ച് ആരാധകർ

മുംബയ്: പുതിയ ലൂക്കിലൂടെ വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി ബോളിവുഡ് നടൻ ആമിർ ഖാൻ. സോൾട്ട് ആൻഡ് പെപ്പർ ഹെയർസ്റ്റൈലിൽ പൊതുവേദിയിലെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
മുടി ഡൈ ചെയ്യാതെ പൂക്കളുടെ ഡിസൈനുള്ള ഷർട്ടും കറുത്ത പാന്റും ക്ലിയർ ഫ്രെയിം കണ്ണടയും ധരിച്ചാണ് താരമെത്തിയത്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലയാതോടെ നിരവധി ആരാധകരാണ് പുതിയ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയത്. 61-ാവയസിലും ചെറുപ്പം തന്നെയാണെന്നാണ് ഭൂരിഭാഗം കമന്റുകളും.
നേരത്തെയും താരം നരച്ച മുടിയുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തവണ മുടിയിൽ ഡൈ ചെയ്യാതെ സ്വാഭാവിക രൂപത്തിൽ എത്തിയതോടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്.90 കളിൽ തങ്ങളുടെ ഇഷ്ടതാരങ്ങളായിരുന്നവർ പതിയെ ഓർമകളായി മാറുകയാണെന്ന് മറ്റു ചിലരും കുറിച്ചു. അതേസമയം, ആമിറിന്റെ പുതിയ ലുക്ക് വരാനിരിക്കുന്ന ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ളതാണോ എന്ന സംശയത്തിലാണ് ആരാധകർ.
പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ ലുക്കായിരിക്കുമിതെന്ന് ചിലർ അഭിപ്രായപ്പെട്ടു.1994ലെ ജനപ്രിയ ചിത്രമായ ‘അന്ദാസ് അപ്നാ അപ്നാ’യുടെ രണ്ടാം ഭാഗം വരുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. സൽമാൻ ഖാനും ആമിർ ഖാനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി താനും കാത്തിരിക്കുകയാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം



