Cinema

“സിദ്ധാർത്ഥാ… വീട്ടിലേക്ക് പോകണ്ടേ?”; സുകുമാരൻ പണിത കെട്ടിടത്തിന് മുന്നിൽ കേട്ട ആ ശബ്ദം, ഞെട്ടിക്കുന്ന ഓർമ്മ പങ്കുവെച്ച് സിദ്ധു പനക്കൽ

ജീവിച്ചിരുന്ന കാലത്ത് ഒരുപാട് സമ്പാദിച്ചിരുന്ന ആളാണ് സുകുമാരനെന്നും അതിനാലാണ് വളരെ ചെറിയ പ്രായത്തിൽ അദ്ദേഹം മരിച്ചപ്പോഴും തങ്ങൾക്ക് യാതൊരു സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലാതിരുന്നതെന്ന് മല്ലിക സുകുമാരൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നാട്ടിലും സംസ്ഥാനത്തിന് പുറത്തുമൊക്കെ സുകുമാരൻ ഒരുപാട് ഭൂമിയും കെട്ടിടങ്ങളുമൊക്കെ വാങ്ങിയതായും മല്ലിക പറഞ്ഞിരുന്നു. ഇപ്പോഴിതാ നിലമേൽ ജംങ്ഷനിൽ സുകുമാരൻ വാങ്ങിയൊരു കെട്ടിടത്തെ കുറിച്ച് പറയുകാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ സിദ്ധു പനക്കൽ . അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത് ഇങ്ങനെ:

‘ഇത് നിലമേൽ ജംഗ്ഷനാണ്. ഇവിടെ ഞാൻ ആദ്യം വരുമ്പോൾ ഇതൊരു തരിശുഭൂമിയായിരുന്നു. സംവിധായകൻ സാജൻ സാറിൽ നിന്ന് നടൻ സുകുമാരൻ സാർ വാങ്ങിയ സ്ഥലമാണിത്. ഈ ഭൂമി വാങ്ങിയ സുകുമാരൻ സാർ പണിതുയർത്തിയതാണ് ഈ കാണുന്ന ഷോപ്പിംഗ് കോംപ്ലക്സും കല്യാണമണ്ഡപവും. ഗ്രൗണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറും കടമുറികൾ ഏറ്റവും മുകളിൽ കല്യാണമണ്ഡപം. ആ കല്യാണമണ്ഡപത്തിന് പേരിട്ടത് തിക്കുറിശ്ശി സുകുമാരൻ നായർ സാറാണ്. “സ്യമന്തകം” കല്യാണമണ്ഡപം. ഉദ്ഘാടനത്തിന് കെ കരുണാകരൻ സാറും, കെ ആർ ഗൗരിയമ്മയും, തിക്കുറിശ്ശി സാറും, എംഎൽഎമാരും, എം പി മാരും, മന്ത്രിമാരും ഉണ്ടായിരുന്നു.

ഈ ബിൽഡിങ് നിർമ്മിക്കുമ്പോൾ അതിന്റെ ഓരോ ഘട്ടത്തിലും സുകുമാരൻ സാറിന്റെ കൂടെ പോയി ഞാൻ ആ ബിൽഡിങ്ങിന്റെ പുരോഗതി കണ്ടിട്ടുണ്ട്. ആ കാലത്തൊക്കെ ഞാൻ ഷൂട്ടിംഗ് കഴിഞ്ഞാൽ എന്റെ വീട്ടിലേക്ക് പോയി രണ്ടുദിവസം താമസിച്ച ശേഷം നേരെ സുകുമാരൻ സാറിന്റെ വീട്ടിലേക്ക് വരും. അടുത്ത ഷൂട്ടിംഗ് വരെ ഞാൻ സുകുമാർ സാറിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഇടയ്ക്ക് സാർ പറയും സിദ്ധാർത്ഥൻ വരൂ നമുക്ക് ബിൽഡിങ്ങിന്റെ പണി കണ്ടിട്ട് വരാം. അങ്ങനെ ഓരോ ഫ്ലോർ പണിയുമ്പോഴും ഞാൻ ഈ ബിൽഡിംഗ് വന്ന് കണ്ടിട്ടുണ്ട് സാറിന്റെ കൂടെ.

പഴയകാലത്ത് സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന കാവൽ സുരേന്ദ്രൻ എന്ന ചേട്ടനാണ് ബിൽഡിംഗ് പണി നടക്കുമ്പോൾ അവിടെ കെയർടേക്കർ ആയി ഉണ്ടായിരുന്നത്. മദ്രാസിൽ നിന്ന് സിനിമ കേരളത്തിലേക്ക് പറിച്ചു നടുകയും സിനിമയിലെ അഭിനയം തീരെ ഇല്ലാതാവുകയും ചെയ്തപ്പോഴാണ് ഒരു ജോലി തേടി കാവൽ സുരേന്ദ്രൻ ചേട്ടൻ സുകുമാരൻ സാറിനെ സമീപിക്കുന്നത്.

ഇപ്പോൾ പൃഥ്വിരാജിന്റെ മേക്കപ്പ് മാനായ പ്രമോദും സുരേന്ദ്രൻ ചേട്ടന്റെ സഹായിയായി അവിടെ ജോലി ചെയ്തിട്ടുണ്ട് ഈ ബിൽഡിങ്ങിന്റെ നിർമ്മാണ ഘട്ടത്തിൽ ഇന്ദ്രനും രാജുവും വിദ്യാർത്ഥികൾ ആയിരിക്കുമ്പോഴാണ് സുകുമാരൻ സാർ വിട പറയുന്നത്. മക്കളെ വളർത്തുകയും അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുകയും ഒക്കെ ചെയ്യുന്ന തിരക്കിൽ ഇതുപോലെയുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു നടത്താൻ പറ്റാതെ വന്നപ്പോഴാണ് ചേച്ചി ഈ ബിൽഡിങ് വിൽക്കുന്നത്. ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോൾ നിലമേൽ വഴിയാണ് വന്നത്.

ഒരുപാട് തവണ വന്ന് പോയിട്ടുള്ള ഈ ബിൽഡിങ്ങിന് അടുത്ത് നിൽക്കുമ്പോൾ. സുകുമാരൻ സാറിന്റെ കൂടെ അദ്ദേഹത്തിന്റെ ബെൻസ് കാറിൽ ഈ സ്ഥലത്ത് വന്നിറങ്ങുന്നതും. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം പറഞ്ഞു കൊടുത്ത രീതിയിൽ തന്നെയാണോ പണി നടക്കുന്നത് എന്ന് ഓരോ സ്ഥലത്തും ചെന്ന് നോക്കുന്നതും. അവസാനം ഓഫീസ് റൂമിൽ വന്നിരിക്കുമ്പോൾ അടുത്ത ചായക്കടയിൽ നിന്ന് ചായയും സ്നാക്സും വരുത്തി കഴിക്കുന്നതും എല്ലാം എനിക്ക് ഓർമ്മ വന്നു.

ആ ഓർമ്മകളിൽ ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്നു പോയി. സിദ്ധാർത്ഥ ഇവിടെ നിന്നാൽ മതിയോ നമുക്ക് വീട്ടിലേക്ക് പോകണ്ടേ എന്ന സുകുമാരൻ സാറിന്റെ ശബ്ദം കേട്ടാണ് എനിക്ക് പരിസരബോധം ഉണ്ടായത്. പെട്ടെന്ന് കണ്ണു മിഴിച്ചു നോക്കുമ്പോൾ വെള്ള ബെൻസുകാറിന്റെ ഡ്രൈവിംഗ് സീറ്റിൽ സുകുമാരൻ സാർ വാ കയറ് എന്ന ഭാവത്തിൽ. ഞാൻ കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി. വെള്ളക്കാർ അവിടെത്തന്നെയുണ്ട് ബെൻസ് അല്ല ഇന്നോവ. ഡ്രൈവിംഗ് സീറ്റിൽ സുകുമാരൻ സാറുമല്ല ഉദയൻ. ചേട്ടാ പോകണ്ടേ.

ഞാൻ കാറിൽ കയറി കാർ മുന്നോട്ട് നീങ്ങുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി. സാറിന്റെ ശബ്ദം തന്നെയാണല്ലോ ഞാൻ കേട്ടത്. ഒരുപക്ഷേ താൻ കുടുംബത്തിന് വേണ്ടി പടുത്തുയർത്തിയ ആ കെട്ടിടത്തിന്റെ പരിസരത്തൊക്കെ, നമ്മൾ ആത്മാവ് എന്നൊക്കെ പറയാറില്ലേ.. ആഗ്രഹങ്ങൾ മുഴുവൻ പൂർത്തിയാകാതെ കടന്നുപോയ സാറിന്റെ ആത്മാവ് വല്ലപ്പോഴും ഒക്കെ വന്നു പോകുന്നുണ്ടായിരിക്കാം. ഇപ്പോഴും അദ്ദേഹം അവിടെ വന്നിട്ടുണ്ടായിരിക്കും’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button