‘അമ്മ കരഞ്ഞു’; വില്ലനായി അരങ്ങേറ്റം കുറിച്ച അനുഭവം പങ്കുവെച്ച് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ്

വിസ്മയ മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വിസ്മയയുടെ അരങ്ങേറ്റത്തിനൊപ്പം മോഹൻലാലിന്റെ അതിഥി വേഷവും ചിത്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഈ മാസം ഏഴിനാണ് തിയേറ്ററുകളിലെത്തിയത്.
ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ‘ജിത്തു’ എന്ന വില്ലൻ കഥാപാത്രമായാണ് ആശിഷ് ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിന്റെ റിലീസിന് ശേഷം വീട്ടിൽ നിന്നുണ്ടായ അനുഭവങ്ങളും പ്രതികരണങ്ങളും മാതൃഭൂമിയോട് പങ്കുവെക്കുകയാണ് ആശിഷ് ഇപ്പോൾ.
“സുഹൃത്തുക്കളുമൊത്ത് സിനിമ കാണാൻ പോയപ്പോൾ എല്ലാവരും ശരിക്കും ഞെട്ടിപ്പോയി. ദുബായിൽ നിന്നെത്തിയ സുഹൃത്തുക്കളും ചേച്ചിയും അളിയനും അമ്മയും കുടുംബത്തിലുള്ളവരും ആരും തന്നെ ഇത് പ്രതീക്ഷിച്ചിരുന്നില്ല. ചിത്രം കണ്ടപ്പോൾ അമ്മ കരഞ്ഞു. ഞാൻ സ്വന്തം മകനാണെന്ന കാര്യം പോലും അമ്മ ആ നിമിഷത്തിൽ മറന്നുപോയി. ചേച്ചിയും കരഞ്ഞു, വീട്ടിൽ എല്ലാവരും ആകെ ഇമോഷണൽ ആയിരുന്നു. എങ്കിലും, അതൊക്കെ കേട്ടപ്പോൾ എനിക്ക് അളവറ്റ സന്തോഷമാണ് തോന്നിയത്,”- ആശിഷ് ജോ ആന്റണി വ്യക്തമാക്കി.



