മേക്കപ്പ് ബാഗ് മറന്ന ഷാജോണിന് മേക്കപ്പ് ചെയ്തുനൽകി മോഹൻലാൽ; ‘ഈ സ്നേഹം മറക്കാനാകില്ല’

മോഹൻലാലിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ. വിദേശത്ത് മോഹൻലാലിനൊപ്പം സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴുണ്ടായ അവിസ്മരണീയമായ അനുഭവമാണ് ഷാജോൺ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ഷോയ്ക്കെത്തിയപ്പോൾ തന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നുപോയെന്നും എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ മോഹൻലാലിന്റെ പേഴ്സണൽ അസിസ്റ്റന്റ് വിജീഷിനോട് സഹായം ചോദിച്ചെന്നും ഷാജോൺ പറഞ്ഞു. മോഹൻലാൽ അറിയാതെ ചില മേക്കപ്പ് സാധനങ്ങൾ നൽകാമോ എന്നായിരുന്നു അഭ്യർഥന.
എന്നാൽ വിവരം അറിഞ്ഞ മോഹൻലാൽ ഷാജോണിനെ നേരിട്ട് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വലിയ ഭാഗ്യമാണെന്ന് അറിയാമായിരുന്നിട്ടും ആദ്യത്തെ ഞെട്ടലിൽ വേണ്ടെന്ന് പറഞ്ഞെങ്കിലും മോഹൻലാൽ തന്നെ നിർബന്ധിച്ച് ഇരുത്തി സ്വന്തം കൈകൊണ്ട് മേക്കപ്പ് ചെയ്തുതന്നുവെന്ന് ഷാജോൺ വൈകാരികമായി കുറിച്ചു.
“ഒരുപാട് നന്ദി ലാലേട്ടാ, ഈ സ്നേഹത്തിന്, ചേർത്തുപിടിക്കലിന്. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ജീവിതത്തിൽ സാധ്യമാക്കി തരുന്നതിന് ദൈവത്തിനും നന്ദി,” എന്നാണ് ഷാജോൺ കുറിച്ചത്. ചില മറവികൾ ഒരിക്കലും മറക്കാനാകാത്ത മനോഹരമായ ഓർമകൾ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ദൃശ്യം’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം ഷാജോൺ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിസ്മയയെ കേന്ദ്രകഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ‘തുടക്കം’ എന്ന ചിത്രത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്നിവയാണ് മോഹൻലാലിന്റെ അണിയറയിൽ ഒരുങ്ങുന്ന പ്രധാന പ്രോജക്റ്റുകൾ.



