‘ഗർഭിണിയാണെന്ന് അറഞ്ഞിട്ടും ബുദ്ധിമുട്ടേറിയ രംഗങ്ങളിൽ അഭിനയിച്ചു, സാമന്ത എല്ലാ അർത്ഥത്തിലും സൂപ്പർ സ്റ്റാറാണ്’

മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. അടുത്തിടെയാണ് താൻ ഗർഭിണിയാണെന്ന വാർത്ത സാമന്ത വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും ‘മാ ഇന്റി ബാംഗാരം’ എന്ന ചിത്രത്തിലെ അഭിനയത്തിനായി സാമന്ത കാണിച്ച ആത്മാർത്ഥതയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായിക ബി വി നന്ദിനി റെഡ്ഡി. ഗർഭിണിയായിരിക്കെയാണ് സാമന്ത ചിത്രത്തിലെ ഒരു ഗാനരംഗത്തിലും കാർ ചേസിംഗ് സീനിലും അഭിനയിച്ചതെന്നും നന്ദിനി ഒരു അഭിമുഖത്തിൽ പറഞ്ഞു.
ചിത്രത്തിലെ ‘തസ്സദിയ’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് താൻ ഗർഭിണിയാണെന്ന് സാമന്ത അറിഞ്ഞത്. കഠിനമായ ശാരീരിക അദ്ധ്വാനം വേണ്ടിവരുന്ന ഭൂരിഭാഗം രംഗങ്ങളും നേരത്തേതന്നെ ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. ഏറെ ബുദ്ധിമുട്ടേറിയ നൃത്തച്ചുവടുകളുള്ള ഗാനമായിരുന്നു അത്. കൂടാതെ ഒരു കാർ ചേസിംഗ് രംഗവും ഉണ്ടായിരുന്നു. ഇതെല്ലാം ചിത്രീകരിക്കുന്ന സമയത്ത് അണിയറപ്രവർത്തകർ അതീവ ശ്രദ്ധ പുലർത്തിയിരുന്നു.സാമന്തയ്ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആവശ്യത്തിന് വിശ്രമവേളകൾ നൽകിയിരുന്നു. വേനൽക്കാലമായിരുന്നു.
കഠിനമായ വെയിലുള്ള സമയങ്ങളിൽ ചിത്രീകരണം ഒഴിവാക്കി. സാമന്ത തളർന്നുപോകാതിരിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. അവർ എല്ലാ അർത്ഥത്തിലും ഒരു സൂപ്പർ സ്റ്റാറാണ്. ഹ്യൂമർ, ഇമോഷൻ, ആക്ഷൻ, നൃത്തം എല്ലാം ഗംഭീരമാണ്. അവരെ പൂർണ പ്രഭാവത്തോടെ തന്നെ സ്ക്രീനിൽ കാണിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. കാണാൻ ചെറിയ ആളാണെങ്കിലും വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവർക്ക് സാധിക്കും’ – നന്ദിനി റെഡ്ഡി പറഞ്ഞു.



