ജ്യോതിക–സോനാക്ഷി സിന്‍ഹ കൂട്ടുകെട്ട്; ഹൈ-സ്റ്റേക്ക്‌സ് കോർട്ട്‌റൂം ത്രില്ലർ ‘സിസ്റ്റം’ മെയ് 22 മുതൽ പ്രൈം വീഡിയോയിൽ

ആമസോൺ പ്രൈം വീഡിയോയുടെ പുതിയ ഹിന്ദി കോർട്ട്‌റൂം ത്രില്ലർ ചിത്രം ‘സിസ്റ്റം’ മെയ് 22 മുതൽ ലോകമെമ്പാടും സ്ട്രീമിംഗ് ആരംഭിക്കും. ഇന്ത്യയുൾപ്പെടെ 240-ത്തിലധികം രാജ്യങ്ങളിലാണ് ചിത്രം ആഗോള പ്രീമിയർ നടത്തുന്നത്.
അധികാരവും നീതിയും തമ്മിലുള്ള ശക്തമായ പോരാട്ടം പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ‘സിസ്റ്റം’. അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ബവേജ സ്റ്റുഡിയോസിന്റെ ബാനറിൽ പമ്മി ബവേജ, ഹർമൻ ബവേജ, സ്മിത ബാലിഗ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഹർമൻ ബവേജ, അരുണ്‍ സുകുമാർ, അശ്വിനി അയ്യർ തിവാരി, തസ്‌നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘിൽഡിയാൽ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
സോനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രീതി അഗർവാൾ, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയൻദീപ് ഗുപ്ത എന്നിവർ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
പൊതുപ്രോസിക്യൂട്ടർ നെഹ രാജ്വൻഷ് (സോനാക്ഷി സിന്‍ഹ)യും കോടതി സ്റ്റെനോഗ്രാഫർ സരിക റാവത്ത് (ജ്യോതിക)യും തമ്മിലുള്ള അസാധാരണ കൂട്ടുകെട്ടിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സാമൂഹികമായി വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ഇവർ സത്യത്തിനും നീതിക്കും വേണ്ടി ഒരുമിച്ച് പോരാടുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ആഗ്രഹം, നൈതികത, നീതി തുടങ്ങിയ വിഷയങ്ങളെ ആഴത്തിൽ പരിശോധിക്കുന്ന ശക്തമായ ഡ്രാമയാണ് ‘സിസ്റ്റം’ എന്ന് പ്രൈം വീഡിയോ ഇന്ത്യയുടെ ഡയറക്ടറും ഹെഡ് ഓഫ് ഒറിജിനൽസുമായ നിഖിൽ മധോക് വ്യക്തമാക്കി. സോനാക്ഷിയുടെയും ജ്യോതികയുടെയും പ്രകടനം ആഗോള പ്രേക്ഷകരെ ആകർഷിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യത്യസ്ത ലോകങ്ങളിൽ നിന്നുള്ള രണ്ടു സ്ത്രീകൾ അവരുടെ നീതിബോധം കൊണ്ട് ഒന്നിക്കുന്ന കഥയാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും, വലിയ സ്കെയിലിൽ യാഥാർത്ഥ്യബോധത്തോടെ കഥ പറയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും നിർമ്മാതാവ് ഹർമൻ ബവേജ അറിയിച്ചു.
ഹിന്ദിയിൽ ഒരുക്കിയിരിക്കുന്ന ‘സിസ്റ്റം’ മെയ് 22 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ മാത്രം സ്ട്രീമിംഗ് ആരംഭിക്കും.



